ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ളവര്‍ ഡോക്ടറാവുന്നില്ലേ, എംബിഎ, എംസിഎ ചെയ്യുന്നില്ലേ? അവരും രാജ്യ നിര്‍മ്മാണത്തില്‍ ഭാഗമാവുകയല്ലേ ചെയ്യുന്നതെന്നും ഒവൈസി ചോദിക്കുന്നു. ഒരു മുസ്ലിം വനിത ഹിജാബ് ധരിച്ച് പ്രധാനമന്ത്രിയായി എത്തുന്നതാണ് തന്‍റെ സ്വപ്നമെന്നും ഒവൈസി
ഹിജാബ് ധരിച്ച മുസ്ലിം സ്ത്രീകള്‍ പഠനം പൂര്‍ത്തിയാക്കി രാഷ്ട്ര നിര്‍മ്മാണത്തില്‍ ഭാഗമാവുകയാണെന്ന് അസദുദ്ദീൻ ഒവൈസി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നടപടിയില്‍ സുപ്രീം കോടതിയുടെ ഭിന്നവിധി വന്നതിന് ഒരു നാള്‍ പിന്നിട്ട ശേഷമാണ് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ പ്രതികരണമെത്തുന്നത്. ഹൈദരബാദില്‍ വ്യാഴാഴ്ച രാത്രി നടന്ന സമ്മേളനത്തിലാണ് ഒവൈസിയുടെ പ്രതികരണം. ഹിജാബ് അടിച്ചേല്‍പിക്കുകയാണ് എന്ന വാദം ഒവൈസി തള്ളി.
ഖുറാനില്‍ നിര്‍ദേശിക്കുന്നത് മൂലമാണ് മുസ്ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത്. ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ളവര്‍ ഡോക്ടറാവുന്നില്ലേ, എംബിഎ, എംസിഎ ചെയ്യുന്നില്ലേ? അവരും രാജ്യ നിര്‍മ്മാണത്തില്‍ ഭാഗമാവുകയല്ലേ ചെയ്യുന്നതെന്നും ഒവൈസി ചോദിക്കുന്നു. ഒരു മുസ്ലിം വനിത ഹിജാബ് ധരിച്ച് പ്രധാനമന്ത്രിയായി എത്തുന്നതാണ് തന്‍റെ സ്വപ്നമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം പെണ്‍കുട്ടികളെ ഒറ്റപ്പെടുത്തുന്ന സംഭവത്തില് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഒവൈസി നടത്തിയത്. മറ്റ് സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവരുടെ മതചിഹ്നം ധരിക്കാന്‍ അനുവദിക്കുകയും അതേസമയം മുസ്ലിം പെണ്‍കുട്ടികളുടെ ഹിജാബ് നീക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ഒവൈസി പറഞ്ഞു.
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടത് കഴിഞ്ഞ ദിവസമാണ്. കേസ് പരിഗണിച്ച ബെഞ്ച് അനുകൂലിച്ചും എതിർത്തും ഭിന്ന വിധി പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു ഇത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരി വച്ചപ്പോൾ, ജസ്റ്റിസ് സുധാൻശു ധൂലിയ ഈ വിധി തള്ളുകയാണ് ചെയ്തത്. രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചിൽ നിന്ന് ഭിന്നവിധി വന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടത്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കുകയോ, ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയോ ചെയ്യാത്തതിനാൽ കർണാടകയിൽ ഹിജാബ് നിരോധനം തുടരും.
