ദില്ലി: കശ്മീര്‍ വിഷയത്തില്‍ ചരിത്രപരമായ മൂന്നാമത്തെ വിഡ്ഢിത്തമാണ് പ്രത്യേക പദവി റദ്ദാക്കിയതെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. 1953ല്‍ ഷെയ്ക് അബ്ദുള്ളയെ അറസ്റ്റ് ചെയ്തതാണ് ആദ്യത്തെ മണ്ടത്തരം. 1987ല്‍ നിയമസഭ തെരഞ്ഞെടുപ്പിനെ കൃത്രിമമെന്ന് ആരോപിച്ചതാണ് രണ്ടാമത്തെ മണ്ടത്തരമെന്നും ഒവൈസി ലോക്സഭയില്‍ പറഞ്ഞു. ജമ്മു കശ്മീരിലെ ജനത്തിന് ഭരണഘടന വാഗ്ദാനം ചെയ്ത അവകാശങ്ങളാണ് ബിജെപി സര്‍ക്കാര്‍ ഇല്ലാതാക്കിയത്. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യമാണ് ബിജെപി നടപ്പാക്കിയത്. എന്നാല്‍, ഭരണഘടന ചുമതലകള്‍ക്കനുസരിച്ചല്ല നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടനയുടെ വാഗ്ദാനങ്ങള്‍ ഇല്ലാതാക്കുന്നതാണ് നിങ്ങളുടെ പ്രവൃത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

ബലി പെരുന്നാള്‍ ദിനത്തിന് മുന്നോടിയായി കശ്മീരില്‍ ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയെയും ഒവൈസി വിമര്‍ശിച്ചു. പെരുന്നാള്‍ ദിനത്തില്‍ എന്താണ് സംഭവിക്കുക. ആടിന് പകരം കശ്മീരികള്‍ സ്വയം ബലി നല്‍കുമെന്നാണോ നിങ്ങള്‍ കരുതുന്നത്. നിങ്ങള്‍ ആവശ്യപ്പെടുന്നത് അതാണെങ്കില്‍ അവര്‍ ഉറപ്പായും അത് ചെയ്തിരിക്കും. അവര്‍ ഇപ്പോള്‍ അതാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. നിങ്ങളുടെ എംപിമാര്‍ ഇത് ദീപാവലിയാണെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് കശ്മീരികള്‍ക്ക് ആഘോഷിക്കാന്‍ കഴിയാത്തത്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചതിലും ഒവൈസി വിമര്‍ശിച്ചു. ഇസ്രായേലിന്‍റെ വെസ്റ്റ് ബാങ്ക് മാതൃകയാണ് ബിജെപി പിന്തുടരുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.