Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയായി തുടരാൻ ഗലോട്ട്: രാഹുൽ അധ്യക്ഷനാവണമെന്ന് രാജസ്ഥാൻ പിസിസി, കാര്യങ്ങൾ വീണ്ടും പഴയ പടി?

അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന സൂചന രാഹുല്‍ഗാന്ധി നല്‍കുമ്പോഴും സമ്മര്‍ദ്ദത്തിനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം. രാഹുല്‍ അധ്യക്ഷനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യമുണ്ടാകില്ല.

Ashok Gehlot making moves to retain CM post
Author
First Published Sep 18, 2022, 7:23 PM IST

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന മുറവിളി പാര്‍ട്ടിയിൽ വീണ്ടും ശക്തമായി. അധ്യക്ഷ സ്ഥാനം രാഹുല്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, രാജസ്ഥാന്‍, ചത്തീസ്ഗഢ് പിസിസികള്‍ പ്രമേയം പാസാക്കി. അധ്യക്ഷ സ്ഥാനത്തേക്ക് സമ്മര്‍ദ്ദം തുടരുന്നതിനിടെ സംസ്ഥാന ഘടകത്തെ കൊണ്ട് പ്രമേയം അവതരിപ്പിച്ച് ഒഴിഞ്ഞുമാറാന്‍ കൂടിയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ നീക്കം. 

അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന സൂചന രാഹുല്‍ഗാന്ധി നല്‍കുമ്പോഴും സമ്മര്‍ദ്ദത്തിനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം. രാഹുല്‍ അധ്യക്ഷനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യമുണ്ടാകില്ല. മറ്റാരേയും അംഗീകരിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായേക്കില്ല. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍തന്നെ പാര്‍ട്ടിയെ നയിക്കണമെന്നും പ്രമേയങ്ങള്‍ ആവശ്യപ്പെടുന്നു. 

അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന തീരുമാനം രാഹുല്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാന ഘടകങ്ങള്‍ ഈയാവശ്യവുമായി രംഗത്തെത്തുമെന്നറിയിച്ചു. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ഗാന്ധി കുടുംബം ആവര്‍ത്തിക്കുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന് മേല്‍ സമ്മര്ദ്ദമുണ്ട്. 

പദവി ഏറ്റെടുക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും ഗലോട്ട് സമ്മതം അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി പദം ഉപേക്ഷിച്ച് മറ്റ് പദവികള്‍ ഏറ്റെടുക്കാന്‍ ഗലോട്ടിന് താല്‍പര്യമില്ലെന്നാണ് വിവരം. ശശി തരൂര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കൂടിയാണ് വീണ്ടും ഗാന്ധി കുടുംബത്തിനായുള്ള മുറവിളി. പതിവ് രീതി ആവര്‍ത്തിച്ച് പന്ത് വീണ്ടും പഴയ കോര്‍ട്ടിലേക്കെത്തിക്കാനുള്ള നീക്കമാണോയെന്ന സംശയവും ഉയരുന്നുണ്ട്.

അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളിൽ നിന്നും ഒഴിഞ്ഞു മാറി ഭാരത് ജോഡ്ഡോ യാത്രയിൽ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് രാഹുൽ ഗാന്ധി. ആലപ്പുഴ ജില്ലയിലെ രണ്ടാം ദിന യാത്ര ഇന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്ത് വച്ച് സമാപിക്കും. 

Follow Us:
Download App:
  • android
  • ios