Asianet News MalayalamAsianet News Malayalam

ഗെലോട്ട് ദില്ലിയില്‍, സോണിയയുമായി കൂടിക്കാഴ്ച്ച നാളെ നടന്നേക്കും, മഞ്ഞുരുകുമോ?

സമയം വരുമ്പോൾ തീരുമാനങ്ങൾ ഉണ്ടാകുമെന്നും കോൺഗ്രസ് പ്രസിഡന്‍റിന്‍റെ കീഴിലാണ് തങ്ങള്‍ പ്രവർത്തിക്കുന്നതെന്നും ഗെലോട്ട് പറഞ്ഞു. 

Ashok Gehlot reached delhi he may meet sonia gandhi
Author
First Published Sep 28, 2022, 11:12 PM IST

ദില്ലി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനാർത്ഥിയാക്കുന്നതിനായി കോണ്‍ഗ്രസില്‍ വീണ്ടും സമവായ ശ്രമങ്ങള്‍ നടക്കവേ  ഗെലോട്ട് ദില്ലിയിലെത്തി. സമയം വരുമ്പോൾ തീരുമാനങ്ങൾ ഉണ്ടാകുമെന്നും കോൺഗ്രസ് പ്രസിഡന്‍റിന്‍റെ കീഴിലാണ് തങ്ങള്‍ പ്രവർത്തിക്കുന്നതെന്നും ഗെലോട്ട് പറഞ്ഞു. 50 വർഷമായി താൻ കോൺഗ്രസ് രാഷ്ട്രീയം കാണുന്നു. ഏറ്റവും പ്രധാനം കോണ്‍ഗ്രസ് പ്രസിഡന്‍റാണ്. പാർട്ടിയിൽ എല്ലായ്പ്പോഴും അച്ചടക്കം ഉണ്ടായിട്ടുണ്ടെന്നും ഗെലോട്ട് പറഞ്ഞു.

നാളെ സോണിയ - ഗെലോട്ട് കൂടിക്കാഴ്ച്ച നടന്നേക്കുമെന്നാണ് വിവരം. മുതിർന്ന നേതാക്കള്‍ ഗെലോട്ടുമായി സംസാരിക്കുന്നുണ്ട്. ആശയ വിനിമയത്തിലുടെ മഞ്ഞുരുക്കമുണ്ടാകുമെന്നാണ് നേതാക്കള്‍ കരുതുന്നത്. എങ്കിലും നാടകീയ സംഭവങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങിയതിനാല്‍ ഗെലോട്ടിന് ഒരു പദവി മാത്രമേ കൈകാര്യം ചെയ്യാനാകുവെന്നും അതില്‍ ഹൈക്കമാന്‍റ് വിട്ടുവീഴ്ച ചെയ്യില്ലെന്നുമാണ് വിവരം. ദില്ലിയിലേക്ക് വരുന്നതിന് മുന്നോടിയായി അടുപ്പക്കാരായ മന്ത്രിമാരുമായി ഗെലോട്ട് ചർച്ച നടത്തിയിരുന്നു. ഗെലോട്ട് ഇപ്പോഴും പരിഗണനയില്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യകത്മാക്കുന്നു. രാജസ്ഥാനിലെ എംഎല്‍എമാരുടെ നീക്കം ഹൈക്കമാന്‍റും ഗെലോട്ടുമായുള്ള ബന്ധത്തില്‍ താല്‍ക്കാലികമായി വിള്ളല്‍ വീഴ്ത്തിയിരുന്നു. എന്നാല്‍ അധ്യക്ഷ പദവിയില്‍ നിന്ന് പരിഗണിക്കുന്നത് ഒഴിവാക്കിയിട്ടില്ലെന്നും ഇപ്പോഴും ഗെലോട്ട് തന്നെയാണ് പരിഗണനയില്‍ തുടരുന്നതെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. 

ഇതിനിടെ ഇന്ന് മുതിർന്ന നേതാവ് എ കെ ആന്‍റണിയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചർച്ച നടത്തി. പിന്നാലെ പവൻ കുമാർ ബൻസാലും ആന്‍റണിയെ കാണാനെത്തി. ബൻസാല്‍ ആ‍ർ‍ക്ക് വേണ്ടി നാമനിര്‍ദേശ പത്രിക വാങ്ങിയെന്ന ചോദ്യം അവശേഷിക്കെ താൻ പിന്താങ്ങുന്നതിനായി മാത്രമാണ് പത്രിക വാങ്ങിയതെന്ന് ബെൻസാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് സോണിയ ഗാന്ധി അടുപ്പമുള്ള നേതാക്കളോട് അറിയിച്ചു. അതേസമയം കേരളത്തില്‍ നിന്ന് ദില്ലിയെലെത്തുന്ന ദിഗ്‍വിജയ് സിങും മത്സരത്തിനായി നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. ഗെലോട്ടിന്‍റെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ നേതൃത്വം പരിഗണിക്കുന്നതിലൊരാള്‍ ദിഗ്‍വിജയ സിങാണ്.
 

Follow Us:
Download App:
  • android
  • ios