'2014ലെയും 2019ലെയും സാഹചര്യം ഇത്തവണയില്ല'; ഫലം വിസ്മയിപ്പിക്കും, എത്ര സീറ്റെന്ന് പറയുന്നില്ല: അശോക് ഗെലോട്ട്
ഫലം വിസ്മയിപ്പിക്കും. കോൺഗ്രസ് പ്രകടനപത്രികയിൽ മുസ്ലിം ലീഗ് സ്വാധീനം എന്ന ആരോപണം തന്നെ മോദിയുടെ പരാജയ ഭീതിയുടെ തെളിവാണെന്നും ഗെലോട്ട് പറഞ്ഞു
ജയ്പുർ: രാജസ്ഥാനിൽ ബിജെപിക്ക് ഇത്തവണ മേൽക്കൈ ഇല്ലെന്ന് ആവർത്തിച്ച് അശോക് ഗെലോട്ട്. 2014ലെയും 2019ലെയും സാഹചര്യം ഇത്തവണ ഇല്ല. എത്ര സീറ്റ് കിട്ടും എന്ന് പറയുന്നില്ല. ഫലം വിസ്മയിപ്പിക്കും. കോൺഗ്രസ് പ്രകടനപത്രികയിൽ മുസ്ലിം ലീഗ് സ്വാധീനം എന്ന ആരോപണം തന്നെ മോദിയുടെ പരാജയ ഭീതിയുടെ തെളിവാണെന്നും ഗെലോട്ട് പറഞ്ഞു. അതേസമയം, ബിജെപി മുന്‍പ് നൽകിയ വാഗ്‍ദാനങ്ങളെല്ലാം വാഗ്‍ദാനങ്ങളായി അവശേഷിക്കുകയാണെന്നും ഇന്നലെ അശോക് ഗെലോട്ട് പറഞ്ഞിരുന്നു.
കള്ളപ്പണം തിരികെ കൊണ്ടുവരും, കർഷകപ്രശ്നം പരിഹരിക്കും, പതിനഞ്ച് ലക്ഷം തരും എന്നെല്ലാം വാഗ്‍ദാനം നല്‍കി. കർഷകർക്കും ഗുസ്തി താരങ്ങള്‍ക്കുമെല്ലാം സമരം ചെയ്യേണ്ടി വന്നു. ബിജെപിക്ക് വിശ്വാസ്യതയില്ലാതായെന്നും അശോക് ഗെലോട്ട് പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം, ഇലക്ട്രല്‍ ബോണ്ട് എന്നിവയക്കുറിച്ച് ബിജെപിക്ക് ഒന്നും പറായിനില്ല. 2014 ലും 2019 ലും ഉണ്ടായിരുന്ന സാഹചര്യത്തിന് മാറ്റം വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകടനപത്രിക തയാറാക്കാൻ രാജ്നാഥ് സിങിന്‍റെ കീഴില്‍ സമിതിയെ നിയോഗിച്ചത് 10 ദിവസം മുന്‍പ് മാത്രമാണ്. 10 ദിവസം കൊണ്ടാണ് 140 കോടി ജനങ്ങള്‍ക്കായുള്ള പ്രകടപത്രിക തയ്യാറാക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രയിലൂടെ കിട്ടിയ വിവരങ്ങളാണ് ഏപ്രില്‍ അഞ്ചിന് പുറത്തിറക്കിയ കോണ്‍ഗ്രസ് പ്രകടനപത്രികയിലുള്ളതെന്നും ഗെലോട്ട് വ്യക്തമാക്കി.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെയാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. ദില്ലിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കൾ, സ്ത്രീകൾ, കർഷകർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രതിനിധികൾ എന്നിവരടക്കം കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് പ്രകടന പത്രികയുടെ പതിപ്പ് നൽകിയാണ് പ്രധാനമന്ത്രി ഇത് പുറത്തിറക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.