കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ​ഗെലോട്ട് വന്നാൽ രാജസ്ഥാനിൽ പകരം സംവിധാനം ഉണ്ടാകുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി.

ദില്ലി: കോൺഗ്രസ് അധ്യക്ഷൻ ആകാൻ തയ്യാറെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പാര്‍ട്ടി അധ്യക്ഷനാവണമെന്ന് ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ല. എന്നാല്‍ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ കൂടി രാഹുലിനോട് ആവശ്യപ്പെടും. അധ്യക്ഷനായി രാഹുല്‍ ജോഡോ യാത്ര നയിച്ചാല്‍ ഫലം മറ്റൊന്നാകുമെന്നും അശോക് ഗെലോട്ട് പറഞ്ഞു. കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ​ഗെലോട്ട് വന്നാൽ രാജസ്ഥാനിൽ പകരം സംവിധാനം ഉണ്ടാകുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി. ഇക്കാര്യം സോണിയ ​ഗാന്ധി തന്നെ അശോക് ​ഗെലോട്ടിനെ അറിയിക്കും. 

താൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെങ്കിൽ തന്‍റെ വിശ്വസ്തനെ തന്നെ മുഖ്യമന്ത്രി ആക്കണമെന്നതാണ് അശോക് ​ഗെലോട്ടിന്‍റെ ആവശ്യം. രാജസ്ഥാൻ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ അം​ഗീകരിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശമാണ് അശോക് ​ഗെലോട്ട് നൽകുന്നത്. എന്നാൽ ​ഗെലോട്ട് അധ്യക്ഷനാകുകയും സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നിരസിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായാൽ രാജസ്ഥാൻ കോൺ​ഗ്രസിൽ വീണ്ടും പ്രശ്നങ്ങൾ വഷളാകുമെന്നുറപ്പാണ്. സച്ചിൻ പൈലറ്റ് ഇപ്പോൾ രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം കൊച്ചിയിൽ ഉണ്ട് . 

അതേസമയം രാഹുൽ​ഗാന്ധി തന്നെ കോൺ​ഗ്രസ് അധ്യക്ഷനാകണമെന്നാണ് താൽപ്പര്യമെന്ന് സച്ചിൻ പൈലറ്റ് പറ‍ഞ്ഞു. മിക്ക പ്രദേശ് കോൺ​ഗ്രസ് കമ്മറ്റികളും ഇക്കാര്യം എഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട് . പാർട്ടി പ്രവർത്തകരുടെ വികാരമാണ് പിസിസികൾ വഴി എഐസിസിയെ അറിയിച്ചത്. ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഇതിനെ കുറിച്ച് രാഹുൽ ​ഗാന്ധിയുമായി സംസാരിച്ചുവെന്നും സച്ചിൻ പൈലറ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക ആരൊക്കെ സമർപ്പിക്കും എന്നത് കാത്തിരുന്ന് കാണണം. ആർക്കും നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ അവകാശമുണ്ട്. ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുന്നത് കോൺഗ്രസിന് മാത്രമാണ്. ബിജെപിയിൽ ഇത്തരം തെരഞ്ഞെടുപ്പ് കണ്ടിട്ടില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു .