ദില്ലി: ദില്ലിയില്‍ സംഘര്‍ഷങ്ങള്‍ പടര്‍ന്നുകൊണ്ടിരിക്കെ ജീവന്‍ പണയപ്പെടുത്തിയാണ് മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ജോലിയിലേര്‍പ്പെടുന്നത്. പലയിടങ്ങളിലും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനാകാത്ത സാഹചര്യമാണുള്ളത്. ദൃശ്യങ്ങളോ ചിത്രങ്ങളോ പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അക്രമികള്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്. 

'പലയിടങ്ങളിലും ഞങ്ങളുടെ കണ്‍മുന്നിലാണ് അക്രമങ്ങള്‍ നടക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ ക്യാമറ തകര്‍ക്കുമെന്ന് പറയുന്നു. കമ്പിവടി പോലുള്ള ആയുധങ്ങള്‍ കയ്യിലേന്തിയാണ് ഭീഷണി. ജാഫറാബാദില്‍ പള്ളി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളെടുക്കവേ മാധ്യമപ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആസൂത്രിതമായ അക്രമമമാണ് നടക്കുന്നതെന്ന് പറയേണ്ടിവരും. അതിനാല്‍ത്തന്നെ അക്രമികളുടെ മുഖങ്ങളോ അടയാളങ്ങളോ പുറത്തുപോകരുതെന്ന് നിര്‍ബന്ധമുള്ളത് പോലെയാണ്. ഞാന്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. അപ്പോള്‍ അക്രമികള്‍ എന്റെ അടുത്തുവന്ന് ഞാന്‍ മുസ്ലീമാണോ ഹിന്ദുവാണോ എന്ന് ചോദിക്കുകയാണുണ്ടായത്. ഇത്തരത്തില്‍ മതം ചോദിച്ച് ആക്രമിക്കുന്ന തരത്തിലേക്ക് അവസ്ഥകള്‍ മാറിയിട്ടുണ്ട്...

സംഘര്‍ഷങ്ങള്‍ നടക്കുമ്പോള്‍ പൊലീസോ കേന്ദ്രസേനയോ അവിടെ എത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്. പള്ളികള്‍ ഖബറിസ്ഥാനുകളൊക്കെ ആക്രമിക്കപ്പെടുന്നുണ്ട്. അപ്പോഴൊന്നും പൊലീസ്- അല്ലെങ്കില്‍ കേന്ദ്രസേനയൊന്നും പ്രതികരിക്കുകയോ സംഭവസ്ഥലത്തേക്ക് എത്തുന്നതോ പോലുമില്ല. ഭരണസിരാകേന്ദ്രമായ ദില്ലിയില്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ ഇതെല്ലാം നിയന്ത്രിക്കാവുന്നതേയുള്ളൂ. എന്നാല്‍ അത്തരമൊരു ഇടപെടല്‍ നടക്കുന്നില്ലെന്ന് വേണം കരുതാന്‍. സിഖ് കലാപത്തിന് ശേഷം ഇതാദ്യമായിട്ടായിരിക്കും ദില്ലി ഇങ്ങനെയൊരു കലാപഭൂമിയായി മാറുന്നത്...'-  സംഘര്‍ഷഭൂമിയില്‍ താന്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റിപ്പോര്‍ട്ടര്‍ പി ആര്‍ സുനില്‍ പറയുന്നു. 

16 വര്‍ഷമായി താന്‍ ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യുന്നുവെന്നും ഇതുവരെ ഇത്തരമൊരു അവസ്ഥ കണ്ടിട്ടില്ലെന്നും സുനില്‍ പറയുന്നു.

"