സോഷ്യൽ മീഡിയയിൽ ഒരു യുവതി പങ്കുവെച്ച ഇന്ത്യൻ റെയിൽവേയിലെ ദുരനുഭവം വലിയ ചർച്ചയാകുന്നു. റിസർവ് ചെയ്ത തേർഡ് എസി കോച്ചിൽ ടിക്കറ്റില്ലാത്തവർ യാത്ര ചെയ്തതും, സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും പരിഗണിക്കാത്തതും യുവതി പോസ്റ്റിൽ വിവരിക്കുന്നു.
ദില്ലി: ഇന്ത്യയിലെ ട്രെയിൻ യാത്ര സ്ത്രീകൾക്ക് പേടിസ്വപ്നമാണ് എന്ന് ഒരു യാത്രക്കാരി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ആളുകളെ കുത്തിനിറച്ച ഒരു കോച്ചിന്‍റെ ചിത്രം സഹിതമാണ് യുവതി റെഡ്ഡിറ്റിൽ തന്‍റെ ദുരനുഭവം വിവരിച്ചത്. ഇന്ത്യൻ റെയിൽവേ എനിക്ക് മതിയായി, ഇത് വനിതാ യാത്രക്കാർക്ക് ഒരു പേടിസ്വപ്നമാണ് എന്നാണ് 'r/IndianRailways' എന്ന സബ്‌റെഡിറ്റിൽ യുവതി കുറിച്ചത്. പരീക്ഷയുടെ ആവശ്യത്തിനായി കസിനോടൊപ്പം മറ്റൊരു നഗരത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. 'ഞങ്ങൾ തേർഡ് എസി ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. എന്നാൽ ട്രെയിനിൽ കയറിയപ്പോൾ കോച്ച് അമിതമായി നിറഞ്ഞിരുന്നു, ടിക്കറ്റില്ലാത്ത ആളുകൾ ഞങ്ങളുടെ സീറ്റുകൾ കൈവശപ്പെടുത്തിയിരുന്നു' അവർ വിശദീകരിച്ചു.
സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ തയാറായില്ല
തന്‍റെ സീറ്റൊഴിയാൻ ഒരാളോട് ആവശ്യപ്പെട്ടപ്പോൾ, 'ഇന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും' എന്നായിരുന്നു അയാളുടെ മറുപടി. കുറച്ച് സ്ഥലം തരാൻ ആവശ്യപ്പെട്ടിട്ടും അയാൾ അനങ്ങിയില്ല. പകരം, അയാൾ തന്‍റെ മൂന്ന് വനിതാ സുഹൃത്തുക്കളെ കൂടി വിളിച്ച് അവരെക്കൂടി സീറ്റിലേക്ക് ഇരുത്തിയെന്നും യുവതി പറയുന്നു. തിരികെ യാത്ര ചെയ്തപ്പോഴും സമാനമായ അനുഭവമാണ് നേരിട്ടത്. ഇന്ത്യൻ സമൂഹത്തിൽ അടിസ്ഥാനപരമായ അനുകമ്പയുടെ കുറവുണ്ട് എന്നും യുവതി ചൂണ്ടിക്കാട്ടി.
'സ്ത്രീകൾക്ക് ആർത്തവം വരാറുണ്ടെന്നും അവർക്ക് ടോയ്‌ലെറ്റുകൾ ഉപയോഗിക്കേണ്ടതുണ്ടെന്നും ഇവർക്ക് മനസ്സിലാകുന്നില്ലേ? ടോയ്‌ലെറ്റ് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളതിനാൽ ഞാൻ ദിവസം മുഴുവൻ വെള്ളം കുടിച്ചില്ല, പക്ഷേ ആർത്തവം നിയന്ത്രിക്കാൻ കഴിയില്ലല്ലോ' അവർ വേദനയോടെ കുറിച്ചു. ഗതാഗത സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും അപര്യാപ്തമായിരിക്കുമ്പോൾ വിദൂര നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കരുതെന്നും അവർ അധികൃതരെ വിമർശിച്ചു.
സഹായം തേടിയിട്ടും ഫലമില്ല
'സഹോദരിയുടെ സീറ്റിൽ ആളുകൾ ഇരിക്കുന്നുണ്ടെന്ന് ഞങ്ങൾ റെയിൽ മദദ് (Rail Madad) വഴി റിപ്പോർട്ട് ചെയ്തു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ വന്നേക്കുമെന്ന് ഭയന്ന് അയാൾ ഉടൻ സീറ്റൊഴിഞ്ഞു. ഞങ്ങൾക്ക് ഒരുമിച്ചിരിക്കാൻ കഴിഞ്ഞെങ്കിലും സുഖകരമായിരുന്നില്ല. പിന്നീട് വന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ പ്രശ്നം പരിഹരിച്ചോ എന്ന് ചോദിച്ചു. ഒന്നിലധികം ആളുകൾ ഒരു സീറ്റിൽ ഇരിക്കുന്നത് അദ്ദേഹത്തിന് കാണാൻ കഴിഞ്ഞില്ല' റെയിൽ മദദുമായുള്ള അനുഭവം അവർ വിവരിച്ചു.
കോച്ചിൽ തിരക്കായതുകൊണ്ട് മറ്റ് സ്ത്രീകളോട് സീറ്റൊഴിയാൻ താൻ ആവശ്യപ്പെട്ടില്ലെന്നും, അങ്ങനെ ചെയ്തിരുന്നെങ്കിൽ അവർക്ക് മണിക്കൂറുകളോളം നിൽക്കേണ്ടി വരുമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. മടക്കയാത്രയിൽ, പുരുഷന്മാർ വാതിലുകൾക്കും ടോയ്‌ലെറ്റുകൾക്കും സമീപം തിങ്ങിനിറഞ്ഞു നിന്നത് ട്രെയിനിൽ കയറുന്നതും ഇറങ്ങുന്നതും കൂടുതൽ ദുഷ്‌കരമാക്കി. ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിക്കുന്നതിനിടെ ചില പുരുഷന്മാർ സ്ത്രീകളെ അനുചിതമായി സ്പർശിക്കുകയും ചെയ്തു എന്നും അവർ ആരോപിച്ചു. അമിത തിരക്ക്, ശരിയായ മേൽനോട്ടത്തിന്‍റെ അഭാവം, ട്രെയിനുകളിലെ സ്ത്രീകളുടെ സുരക്ഷ, സൗകര്യക്കുറവ് തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ഈ പോസ്റ്റ് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.


