ഗുവാഹത്തി: ലോക്ക് ഡൗണ്‍ തുടരുന്നതിനിടയില്‍ മേഘാലയ്ക്ക് പിന്നാലെ അസമിലും ഇന്ന് മുതല്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ മദ്യശാലകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിരിരുന്നു. മദ്യശാലകള്‍ തുറക്കാന്‍ വലിയ സമ്മര്‍ദ്ദമാണ് സര്‍ക്കാരിന് മേലുണ്ടായിരുന്നത്.

മേഘാലയയില്‍ ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ അസമില്‍ 29 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ഒരാള്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ മദ്യശാലകള്‍ തുറന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും. സര്‍‌ക്കാര്‍ കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അസമില്‍ മദ്യശാലകള്‍ക്ക് പുറമെ ഹോള്‍സെയില്‍ വെയര്‍ഹൗസുകള്‍, ബോട്ടിലിംഗ് പ്ലാന്റുകള്‍, ഡിസ്റ്റിലറികള്‍ ഉള്‍പ്പെടെയുള്ളവയും പ്രവര്‍ത്തിക്കും. അനുവദിച്ചിട്ടുള്ള ദിവസങ്ങളില്‍ ഏഴ് മണിക്കൂര്‍ മദ്യ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, ഉപഭേക്താക്കള്‍ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ജീവനക്കാര്‍ ഉറപ്പ് വരുത്തണം.

കൂടാതെ സാറ്റിനൈറ്റസര്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകളും സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ 13 മുതല്‍ 17 വരെ ദിവസവും ഏഴ് മണിക്കൂര്‍ നേരമാണ് മദ്യ വിതരണം.