Asianet News MalayalamAsianet News Malayalam

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ

കഴിഞ്ഞ ദിവസം ഗുവാഹത്തി നഗരത്തിലൂടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുന്നത് അസം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്

Assam CM says Rahul Gandhi will be arrested after Loksabha election kgn
Author
First Published Jan 24, 2024, 6:38 PM IST

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. രാഹുലിനെതിരെ ഇന്നലെ അസം പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് പ്രതികരണം. സംഘർഷം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്നും അസമിലെ സമാധാനം നശിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ  ലക്ഷ്യമെന്നും ഹിമന്ദ ബിശ്വ ശര്‍മ്മ പറഞ്ഞു. 

കഴിഞ്ഞ ദിവസം ഗുവാഹത്തി നഗരത്തിലൂടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുന്നത് അസം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്.  പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് കോണ്‍ഗ്രസ് പ്രവർത്തകർ പൊളിച്ചു. ഇതോടെ പൊലീസ് ലാത്തി വീശി.  രാഹുല്‍ഗാന്ധി ബസിന് മുകളില്‍ നില്‍ക്കുമ്പോൾ റോഡിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കോൺഗ്രസിന്റെ യാത്ര വിലക്കിയ പൊലീസ് ബജ്രംഗ്ദളിനും ബിജെപിക്കും റാലി നടത്താൻ ഇതേ വഴി  നല്‍കിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംഘർഷത്തിന് പിന്നാലെയാണ് രാഹുലിനെതിരെ കേസ് എടുക്കാൻ അസം മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകിയത്. സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ തെളിവായി എടുത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തിൽ പ്രതികരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios