പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കോപ്പിലി നദിയിലെ കുത്തൊഴുക്കിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു കോൺസ്റ്റബിളും ഒലിച്ചുപോയി.

ഗുവാഹത്തി: അസമിലെ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 80 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 47,72,140 ആളുകളെയാണ് പ്രളയം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രണ്ട് പൊലീസുകാരുൾപ്പെടെ 10 പേർ കൂടി വെള്ളപ്പൊക്കത്തിൽ മരിച്ചു. 2,31,819 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കോപ്പിലി നദിയിലെ കുത്തൊഴുക്കിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു കോൺസ്റ്റബിളും ഒലിച്ചുപോയി. ബ്രഹ്മപുത്ര, കോപിലി, ബേക്കി, പഗ്ലാഡിയ, പുത്തിമാരി എന്നീ അഞ്ച് നദികളിലെ വെള്ളം പലയിടത്തും അപകടമാം വിധമാണ് ഒഴുകുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) നാല് യൂണിറ്റുകളെയും മൊത്തം 105 ഉദ്യോഗസ്ഥരെയും ബരാക് താഴ്‌വരയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിയാനി വിന്യസിച്ചിട്ടുണ്ട്. അടിയന്തര നടപടിക്ക് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. 

ഗുവാഹത്തിയിൽ റെഡ് അലർട്ട്

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഗുവാഹത്തിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഐഎംഡിയുടെ മുന്നറിയിപ്പ്.

4462 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായെന്നാണ് റവന്യൂ വകുപ്പിൻ്റെ പ്രാഥമിക വിലയിരുത്തൽ. ലക്ഷക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. മനുഷ്യ‍ർക്കൊപ്പം തന്നെ മൃഗങ്ങളും പ്രളയത്തിൽ വലയുകയാണ്. കസിറങ്കാ നാഷണൽ പാർക്കിൽ ഒരു പുലിയുൾപ്പടെ 5 മൃഗങ്ങൾ പ്രളയത്തിൽ ചത്തു. അസമിൻ്റെ അയൽസംസ്ഥാനങ്ങളായ മേഘാലയ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി.