Asianet News MalayalamAsianet News Malayalam

അസം സർക്കാരിന്റെ 'രണ്ട് കുട്ടികൾ നയം' ഏതെങ്കിലും പ്രത്യേക സമുദായത്തിന് എതിരല്ല; മനോജ് തിവാരി

അസം സർക്കാർ എടുത്ത തീരുമാനം ക്രിയാത്മകമായി എടുക്കണമെന്നും നിയമം ഏതെങ്കിലും പ്രത്യേക സമൂഹത്തിന് എതിരല്ലെന്നും തിവാരി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. 

assam government two child policy not against any community says manoj tiwari
Author
Delhi, First Published Oct 29, 2019, 11:18 AM IST

ദില്ലി: രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് 2021 ജനുവരി ഒന്നുമുതല്‍ സര്‍ക്കാര്‍ ജോലി നല്‍കേണ്ടെന്ന അസം കാബിനറ്റ് തീരുമാനം ഏതെങ്കിലും പ്രത്യേക സമുദായത്തിന് എതിരല്ലെന്ന് ദില്ലിയിലെ ബിജെപി പ്രസി‍ഡന്റ് മനോജ് തിവാരി. ഓള്‍ ഇന്ത്യ യുണൈറ്റെഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മേധാവി ബദ്രുദ്ദീൻ അജ്മലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

അസം സർക്കാർ എടുത്ത തീരുമാനം ക്രിയാത്മകമായി എടുക്കണമെന്നും നിയമം ഏതെങ്കിലും പ്രത്യേക സമൂഹത്തിന് എതിരല്ലെന്നും തിവാരി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. നല്ല കാര്യങ്ങളെ ഇല്ലാതാക്കാൻ ചില ആളുകൾ ശ്രമിക്കാറുണ്ട്. എന്നാൽ അസം സർക്കാരിന്റെ നയത്തിനെ പ്രശംസിക്കേണ്ടതാണെന്നും തിവാരി കൂട്ടിച്ചേർത്തു.

ഈ നയം തന്റെ സമൂഹത്തിന് മാത്രമാണെന്ന് എന്തുകൊണ്ടാണ് ബദ്രുദ്ദീൻ ചിന്തിക്കുന്നത്? എല്ലാ ജാതികൾക്കും മതങ്ങൾക്കും അസമിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണ് സർക്കാർ പുതിയ നയം കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് എഐയുഡിഎഫ് മേധാവി ബദ്രുദ്ദീൻ അജ്മൽ അസം സർക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. ഈ നയം അനുസരിച്ച് മുസ്ലീംങ്ങൾക്ക് ഒരിക്കലും സർക്കാർ ജോലി ലഭിക്കില്ലെന്ന് ബദ്രുദ്ദീൻ പറഞ്ഞിരുന്നു. രണ്ട് കുട്ടികൾ മാത്രമുള്ള സങ്കൽപ്പത്തിൽ ഇസ്ലാം വിശ്വസിക്കുന്നില്ല. ഒരിക്കലും മുസ്ലീംങ്ങൾക്ക് സർക്കാർ‌ ജോലി നൽകില്ല. ഞങ്ങൾ ഇനി ജോലി പ്രതീക്ഷിക്കുന്നില്ലെന്നും  ബദ്രുദ്ദീൻ പറഞ്ഞിരുന്നു.

Read Also: രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് 2021 മുതല്‍ സര്‍ക്കാര്‍ ജോലിയില്ല; തീരുമാനം പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

കഴിഞ്ഞ ആഴ്ചയാണ് രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് 2021 മുതൽ സർക്കാർ ജോലി നൽകേണ്ടെന്ന് അസം മന്ത്രിസഭാ യോ​ഗം തീരുമാനിച്ചത്. മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്‍റെ പബ്ലിക് റിലേഷന്‍ സെല്‍ ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. 2017 ല്‍ അസം സര്‍ക്കാര്‍ ജനസംഖ്യ - സ്ത്രീ ശാക്തീകരണ നയം നിയമസഭയില്‍ പാസാക്കിയിരുന്നു.  രണ്ട് കുട്ടികള്‍  ഉള്ളവര്‍ മാത്രമാണ് സര്‍ക്കാര്‍ ജോലിക്ക് യോഗ്യരെന്ന് നയം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, നിലവിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഈ നയം പിന്തുടരണമെന്നും ആവശ്യപ്പെടുന്നു. 

Follow Us:
Download App:
  • android
  • ios