ഗുവാഹത്തി: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന മദ്‌റസകള്‍ അടച്ചുപൂട്ടാന്‍  അസം സംസ്ഥാന സര്‍ക്കാര്‍ നിയമം പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ മറികടന്നാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. ബില്‍ സര്‍ക്കാര്‍ അംഗീകാരത്തിനായി അയച്ചു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന മദ്‌റസകള്‍ 2021 ഏപ്രില്‍ ഒന്നുമുതല്‍ ജനറല്‍ സ്‌കൂളുകളായി മാറുമെന്നും അറിയിച്ചു.

ബില്‍ പ്രകാരം സ്റ്റേറ്റ് മദ്‌റസ എജുക്കേഷന്‍ ബോര്‍ഡിന് സാധുതയില്ലാതായി. എന്നാല്‍, അധ്യാപക-അനധ്യാപകര്‍ക്കുള്ള അലവന്‍സിനെ ബാധിക്കില്ല. ശബ്ദ വോട്ടോടെയാണ് ബില്‍ പാസായത്. ബിജെപി സഖ്യകക്ഷിയായ അസം ഗണ പരിഷത്തും ബില്ലിനെ അനുകൂലിച്ചു. സ്വകാര്യ മദ്‌റസകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ മറ്റൊരു ബില്‍ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിസ്വ ശര്‍മ അറിയിച്ചു. മതേതര മൂല്യം സംരക്ഷിക്കുന്നതിനായി മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംസ്‌കൃത വേദ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബില്ലില്‍ പരാമര്‍ശിക്കുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നു. പുതിയ നിയമം വേദ സ്‌കൂളുകളെ ബാധിക്കില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ബില്‍ പാസാക്കിയതെന്നും യുപിയില്‍ യോഗി സര്‍ക്കാര്‍ ചെയ്യാത്തതാണ് അസം സര്‍ക്കാര്‍ ചെയ്യുന്നതെന്നും എഐയുഡിഎഫ് എംഎഎല്‍എ റഫീഖുല്‍ ഇസ്ലാം ആരോപിച്ചു. ബില്ലിനെതിരെ കോടതിയില്‍ സമീപിക്കുന്നവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.