റാഭയാണ് പ്രതിശ്രുതവരൻ റാണ പൊഗാഗിനെ തങ്ങൾക്ക് പരിചയപ്പെടുത്തിയെന്നും തുടര്‍ന്നാണ് ഇയാളുമായി സാമ്പത്തിക ഇടാപാടുകൾ നടത്തിയതെന്നും പരാതിക്കാര്‍
ഗുവാഹത്തി: തട്ടിപ്പുകേസിൽ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് വാര്‍ത്തകളിൽ നിറഞ്ഞ അസ്സം പൊലീസ് ഓഫീസര്‍ ജൻമണി റാഭ അതേ കേസിൽ അറസ്റ്റിൽ. അസ്സമിലെ നഗോണിലെ സബ് ഇൻസ്പെക്ടറായ റാഭയെ രണ്ട് ദിവസം നീണ്ടുനിന്ന് ചോദ്യം ചെയ്യലുകളൾക്ക് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. അവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മജുലിയിലെ കോടതിയിലാണ് ഇവര്‍ ഇപ്പോൾ ഉള്ളത്.
റാഭയ്ക്കെതിരെ രണ്ട് കോൺട്രാക്ടര്‍മാരാണ് പരാതി നൽകിയത്. മജുലിയിൽ ചാര്‍ജ് എടുത്തതിന് ശേഷം റാഭയാണ് പ്രതിശ്രുതവരൻ റാണ പൊഗാഗിനെ തങ്ങൾക്ക് പരിചയപ്പെടുത്തിയെന്നും തുടര്‍ന്നാണ് ഇയാളുമായി സാമ്പത്തിക ഇടാപാടുകൾ നടത്തിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. തങ്ങളെ ഇരുവരും ചേര്‍ന്ന് ചതിച്ചുവെന്നും പരാതിയിൽ കോൺട്രാക്ടര്‍മാര്‍ ആരോപിച്ചു.
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ പൊഗാഗിനെതിരായ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് റാഭയാണ്. ഒഎൻജിസിയിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പലരിൽ നിന്നായി പണം തട്ടിയത്. തട്ടിപ്പ് കേസിൽ ഇയാളെ പിന്നീട് റാഭ തന്നെ അറസ്റ്റ് ചെയ്തു. ഇതോടെ റാഭ വാര്‍ത്തകളിൽ നിറയുകയായിരുന്നു. ലേഡി സിങ്കം എന്നാണ് റാബയെ വിശേഷിപ്പിച്ചത്. എന്നാൽ റാഭയുടെ പേരിലാണ് പൊഗാഗ് പണം തട്ടിയതെന്ന് ആരോപണം ഉയര്‍ന്നതോടെ കേസ് ഇവര്‍ക്ക് നേരെ തിരിഞ്ഞു. റാഭയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെയാണ് റാഭയെ ചോദ്യം ചെയ്തതും പിന്നാലെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതും.
കഴിഞ്ഞ ജനുവരിയിൽ റാഭ ഒരു ഫോൺ വിവാദത്തിൽ പെട്ടിരുന്നു. ബിഹ്പുരിയ എംഎൽഎ അമിയ കുമാര്‍ ഭുയാനയുമായുള്ള റാഭയുടെ ഫോൺ സംഭാഷണം ലീക്കായതാണ് വിവാദത്തിന് കാരണമായത്. റാഭ തന്റെ മണ്ഡലത്തിലെ ജനങ്ങളെ അനാവശ്യമായി ഉപദ്രവിക്കുന്നുവെന്നാണ് എംഎൽഎ ഫോണിലൂടെ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ഉണ്ടായ സംഭാഷണം ലീക്കായിരുന്നു. ഒടുവിൽ മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ സംഭവത്തിൽ ഇടപെട്ടിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് അൽപ്പം ബഹുമാനം നൽകാവുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
