ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 950 കോടി രൂപയുടെ പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി ടൂറിസം മന്ത്രി ജയന്ത മല്ല ബറുവ വ്യക്തമാക്കി.(Representative Image)

ഗുവാഹത്തി: സംസ്ഥാനത്തിന്‍റെ മുഖച്ഛായ മാറ്റുന്ന വികസന പ്രഖ്യാപനവുമായി അസ്സം സർക്കാർ. 3,000 കോടി രൂപ ചെലവിൽ 1000 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈ സ്പീഡ് ഇക്കണോമിക് കോറിഡോർ റോഡ് പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെയും അസം ടൂറിസം മന്ത്രി ജയന്ത മല്ല ബറുവയുടെയും അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർദിഷ്ട അതിവേഗ സാമ്പത്തിക ഇടനാഴിക്ക് അംഗീകാരം നൽകിയത്. 

'അസോം മാല' പദ്ധതിക്ക് കീഴിലാണ് മന്ത്രിസഭ അതിവേഗ സാമ്പത്തിക ഇടനാഴി തത്വത്തിൽ അംഗീകാരം നൽകിയത്. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 950 കോടി രൂപയുടെ പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി ടൂറിസം മന്ത്രി ജയന്ത മല്ല ബറുവ വ്യക്തമാക്കി. ഫണ്ട് നബാർഡിൽ നിന്ന് വായ്പയായി ലഭ്യമാക്കും. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 90 ഗ്രാമീണ റോഡുകളും നാല് ഗ്രാമീണ പാലങ്ങളും നവീകരിക്കാൻ ഈ വായ്പ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസിരംഗയിൽ ജുഡീഷ്യൽ ഗസ്റ്റ് ഹൗസ് നിർമിക്കുന്നതിനും സംസ്ഥാന മന്ത്രിസഭ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. നിർദ്ദിഷ്ട ഗസ്റ്റ് ഹൗസ് ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. ഭേർജൻ-ബോരാജൻ-പതുമോണി വന്യജീവി സങ്കേതത്തിന്റെ ഇക്കോ സെൻസിറ്റീവ് സോണായ സിപജാർ മുനിസിപ്പൽ ബോർഡിനുള്ള ഫണ്ടിനും സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി.

Read More : ആദ്യം നല്ല ബന്ധം, ഉടക്കിയപ്പോൾ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ചു; വനിതാ സൂപ്രണ്ടിന് സസ്‌പെൻഷൻ