മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്ന പരാതിയിൽ ദില്ലി എസിപി വിവേക് ഭഗത്തിന്റെ പ്രൊമോഷൻ സർക്കാർ അടിയന്തരമായി മരവിപ്പിച്ചു. അന്വേഷണം തീരും വരെ ഉത്തരവ് മരവിപ്പിക്കണമെന്ന് അദ്ദേഹം തന്നെ ആവശ്യപ്പെട്ടെന്നാണ് വിശദീകരണം

ദില്ലി: ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായുള്ള പ്രതിഷേധങ്ങൾക്കിടെ ദില്ലിയിലെ മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന എ സി പി വിവേക് ഭഗത്തിന്റെ പ്രൊമോഷൻ മരവിപ്പിച്ച് സർക്കാർ. ഇന്നലെ രാത്രി ഇറങ്ങിയ പ്രൊമോഷൻ ഉത്തരവാണ് അടിയന്തരമായി മരവിപ്പിച്ചത്. എ സി പിയായ വിവേക് ഭഗത്തിന് അഡീഷണൽ ഡി സി പി ആയി ചുമതല നൽകുന്ന ഉത്തരവിനെതിരെ വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് മരവിപ്പിക്കൽ ഉണ്ടായത്. അന്വേഷണം തീരും വരെ ഉത്തരവ് മരവിപ്പിക്കണമെന്ന് വിവേക് ഭഗത്ത് തന്നെ ആവശ്യപ്പെട്ടെന്നാണ് ദില്ലി ലെഫ്റ്റനന്റ് ഗവർണറുടെ വിശദീകരണം. മാധ്യമപ്രവർത്തകയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ വിവേക് ഭഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകളും പ്രതിപക്ഷ പാർട്ടികളും പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം വിഷയത്തിൽ രൂക്ഷ വിമ‍ർശനവുമായി രംഗത്തെത്തിയിരുന്നു. വനിത മാധ്യമപ്രവർത്തകരെ പോലീസ് അതിക്രൂരമായി വലിച്ചിഴച്ചെന്നും മോശമായി പെരുമാറിയെന്നും രാഹുൽ ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകർ നൽകിയ പരാതിയിൽ കേസെടുക്കുന്നില്ലെന്നും സാകേത് പോലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വിടണമെന്നും അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടിരുന്നു. അമിത് ഷായും ദില്ലി പോലീസും സ്ത്രീകളെ ഭയക്കുന്നതെന്തിനെന്നും രാഹുൽ ചോദിച്ചു.

ഗ്യാനേഷിൻ്റെ രാജിക്കായി 'ഇന്ത്യ' സഖ്യം ഒന്നിച്ചിറങ്ങുന്നു

അതേസമയം ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു. ഇന്ന് ദില്ലിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും. ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങിയ പ്രക്ഷോഭം അഞ്ചാം നാളിലേക്ക് കടക്കുമ്പോൾ കൂടുതൽ ശക്തമാകുകയാണ്. ഇന്നലെ വലെ രാജ്യ തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിൽ ഇന്ന് മുതൽ കോൺഗ്രസും ഇന്ത്യ സഖ്യവും ഒന്നാകെ നേതൃത്വം വഹിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കാണ് ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാര്‍ മാര്‍ച്ച് നടത്തുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ദില്ലിയിലുള്ള കേരള മുഖ്യമന്ത്രി വി ഡി സതീശൻ തുടങ്ങിയവും പ്രതിഷേധത്തിൽ അണിനിരക്കും. മാർച്ച് കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ദില്ലി. അതേസമയം മാർച്ചിൽ ആം ആദ്മി പാർട്ടി പങ്കെടുക്കില്ല. സ്വന്തമായി പ്രതിഷേധം നടത്താനാണ് എ എ പിയുടെ തീരുമാനം.