തോൽവിയിലെ പ്രതികാരമെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും, അനധികൃത കണക്ഷനായതിനാലാണ് നടപടിയെന്ന് വൈദ്യുതി വകുപ്പും എംഎൽഎയും വ്യക്തമാക്കുന്നത്

ജയ്പൂർ: പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ വൻ പരാജയം. പിന്നാലെ വിവിധ ഗ്രാമങ്ങളിൽ വെളിച്ചമെത്തിക്കാനായി സ്ഥാപിച്ച തെരുവുവിളക്കുകൾ കൂട്ടമായി ഊരിമാറ്റിയതായി പരാതി. രാജസ്ഥാനിലെ ടോംഗ് ജില്ലയിലെ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവം. ഇവിടെ നിവായ് എംഎൽഎ റാം സഹായ് വർമയുടെ പിഎയുടെ ഭാര്യയും ബിജെപി സ്ഥാനാർത്ഥിയുമായ പ്രിയങ്ക ശർമ ഇവിടെ വലിയ രീതിയിൽ പരാജയപ്പെട്ടിരുന്നു. പീപ്ലു പഞ്ചായത്ത് സമിതിക്ക് കീഴിൽ വരുന്ന നാലാം വാർഡിൽ 50 ഓളം എൽഇഡി തെരുവുവിളക്കുകൾ ആയിരുന്നു സ്ഥാപിച്ചിരുന്നത്. കുംഹാരോൻ കി ധാനി, ബീഗംപുര, ഹനീഫ്ഗഞ്ച്, ബിജൽപുര എന്നീ ഗ്രാമങ്ങളിലായി ആയിരുന്നു ഇത്. നിവായ് എം.എൽ.എ റാം സഹായ് വർമ്മയുടെ പേഴ്‌സണൽ അസിസ്റ്റന്റായ അലോക് ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഇവ സ്ഥാപിച്ചതെന്നാണ് പ്രദേശവാസികൾ വിശദമാക്കുന്നത്.

അലോക് ശർമയുടെ ഭാര്യ നാലാം വാർഡിൽ നിന്ന് പഞ്ചായത്ത് സമിതിയിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എൽഇഡി തെരുവ് വിളക്കുകൾ ഊരി മാറ്റിയെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ഇത് പ്രിയങ്ക ശർമ്മയുടെ തോൽവിയുമായി ബന്ധപ്പെട്ട നടപടിയാണെന്നും ഗ്രാമവാസികളോടുള്ള പ്രതികാരമാണെന്നും നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ വൈദ്യുതി തൂണുകളിലേക്ക് അനധികൃതമായി വൈദ്യുതി കണക്ഷൻ എടുത്താണ് വിളക്ക് സ്ഥാപിച്ചതെന്നാണ് ജയ്പൂർ വൈദ്യുതി വകുപ്പ് വിശദമാക്കുന്നത്. ഇതിനാലാണ് വിളക്കുകൾ നീക്കിയതെന്നും വകുപ്പ് വിശദമാക്കുന്നത്. പത്തോളം തൂണുകളിൽ നിന്ന് വിളക്കുകൾ മാറ്റിയതോടെ മേഖലയിൽ പ്രതിഷേധം ശക്തമായിരുന്നു.

ഇതോടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ വൈദ്യുതി ബിൽ അടക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിനെ പിന്നാലെയാണ എൽഇഡി ബൾബുകൾ നീക്കുന്ന നടപടി നിർത്തി വച്ചത്. വൈദ്യുതി തകരാറുകൾ പരിഹരിക്കാനായി ഗ്രാമങ്ങളിലെത്തിയപ്പോഴാണ് തൂണുകളിലെ അനധികൃത തെരുവുവിളക്കുകൾ ശ്രദ്ധയിൽ വന്നതെന്നാണ് അധികൃതർ വിശദമാക്കുന്നത്. മേഖലയിൽ പ്രതിഷേധം കനത്തതിന് പിന്നാലെ പ്രിയങ്ക ശർമ്മയുടെ തിരഞ്ഞെടുപ്പ് പരാജയവുമായി തെരുവുവിളക്കുകൾ നീക്കം ചെയ്തതിന് യാതൊരു ബന്ധവുമില്ലെന്ന് നിവായ് എം.എൽ.എ റാം സഹായ് വർമ്മ പ്രതികരിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം