ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് എന്നീ നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. 2027-ൽ നടക്കാനിരിക്കുന്ന സെൻസസ് നടപടികളുമായി തീയതികൾ ഒന്നിച്ചുവരുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.
ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നിശ്ചയിച്ച തീയതികളേക്കാൾ മുന്നേ നടത്താൻ സാധ്യതയുണ്ടെന്ന് റപ്പോര്‍ട്ട്. 2027 ഫെബ്രുവരിയിൽ രാജ്യവ്യാപകമായി ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്ന സെൻസസ് വിവരശേഖരണ നടപടികളെ തെരഞ്ഞെടുപ്പ് ബാധിക്കാതിരിക്കാനാണ് ഈ നീക്കമെന്നാണ് വിവരം. ഇരു പ്രക്രിയകൾക്കും ഒരേ ഉദ്യോഗസ്ഥരെ തന്നെയാണ് പ്രധാനമായും ഉപയോഗിക്കേണ്ടി വരിക എന്നതിനാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകൾ മുന്നോട്ട് നീക്കാനാണ് ആലോചന. ഇതിൽ ഉത്തരാഖണ്ഡ് ബിജെപി ഘടകം തെരഞ്ഞെടുപ്പ് വളരെ നേരത്തെ നടത്തുന്നതിനെ അനുകൂലിക്കുന്നുണ്ട്. എന്നാൽ അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ട അഞ്ചാമത്തെ സംസ്ഥാനമായ മണിപ്പൂരിലെ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ ബിജെപി നേതൃത്വം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിലൂടെ ലഭിച്ച അനുകൂല സാഹചര്യം നിലനിർത്തിക്കൊണ്ടുതന്നെ തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി താല്പര്യപ്പെടുന്നു. പശ്ചിമ ബംഗാളിലെ വൻ വിജയത്തിന് പിന്നിൽ ഹിന്ദു ഏകീകരണമാണെന്ന് ബിജെപിയിലെ വലിയൊരു വിഭാഗം വിശ്വസിക്കുന്നു. ഇതേ ഘടകം ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും പാർട്ടിയുടെ വിജയസാധ്യതകളെ സ്വാധീനിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നത് പ്രതിപക്ഷ പാർട്ടികൾക്ക് തയ്യാറെടുപ്പുകൾക്ക് ആവശ്യത്തിന് സമയം നൽകാതിരിക്കാൻ സഹായിക്കുമെന്നും ഇത് ബിജെപിക്ക് അനുകൂലമാകുമെന്നും പാർട്ടി വിലയിരുത്തുന്നു. ഉത്തർപ്രദേശ് ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ പ്രധാന ശക്തിയായ കോൺഗ്രസിന് ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങൾ വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്ന് ബിജെപി നേതൃത്വം കരുതുന്നു.
കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ സംഭവവികാസങ്ങൾ കോൺഗ്രസിന്റെ വീര്യം കൂട്ടിയിട്ടുണ്ട്. കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയപ്പോൾ, തമിഴ്‌നാട്ടിൽ ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകവുമായി ചേർന്ന് കോൺഗ്രസ് സർക്കാർ രൂപീകരിച്ചു. കർണാടകയിലാകട്ടെ സിദ്ധരാമയ്യക്ക് പകരം ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കി ഭരണം സുഗമമായി കൈമാറി. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിൽ നിന്നുള്ള ഒരു വെല്ലുവിളിയും ചെറുതായി കാണരുതെന്ന് ബിജെപി കരുതുന്നു.
പഞ്ചാബിലെ സാഹചര്യം
പഞ്ചാബിൽ തെരഞ്ഞെടുപ്പ് ഈ വർഷം നവംബറോടെ ഉണ്ടായേക്കാമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചിരുന്നു. എന്നാൽ 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയപ്പോഴുണ്ടായ തിരിച്ചടി കണക്കിലെടുത്ത്, പൊതുവേ തെരഞ്ഞെടുപ്പുകൾ നേരത്തെ നടത്തുന്നതിനോട് ബിജെപി കേന്ദ്ര നേതൃത്വത്തിന് യോജിപ്പില്ല. എങ്കിലും വലിയൊരു പ്രതിസന്ധി ഒഴിവാക്കാൻ ഏതാനും ആഴ്ചകളുടെ മാറ്റം ഉണ്ടായേക്കാമെന്നും, ജയം മാത്രം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കാൻ പഞ്ചാബ് ഘടകത്തോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആണ് ബിജെപി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഫെബ്രുവരിയിൽ ആരംഭിക്കുന്ന സെൻസസിന്റെ രണ്ടാം ഘട്ടത്തിൽ ജാതി സെൻസസിനായി സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ, ജനന നിരക്ക് വിവരങ്ങളാണ് ശേഖരിക്കുന്നത്.


