ദില്ലി: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമേഷ് പൊഖ്രിയാൽ നിഷാങ്ക് ആണ് രണ്ടാം മോദി മന്ത്രിസഭയിലെ മാനവ വിഭവശേഷി മന്ത്രി. ആ‍ർഎസ്എസിന്റെ സരസ്വതി ശിശു മന്ദിറിൽ അദ്ധ്യാപകനായി തുടങ്ങിയ അദ്ദേഹം ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുന്നിൽ കുള്ളനാണെന്ന വാദക്കാരനാണ്. മുൻപൊരിക്കൽ പാ‍ർലമെന്റിലെ ച‍ർച്ചയ്ക്കിടയിലാണ് ഇന്നത്തെ കേന്ദ്രമന്ത്രി ഈ പ്രസ്താവന നടത്തിയത്.

ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ഇദ്ദേഹം ഹരിദ്വാറിൽ നിന്നുള്ള പാ‍ർലമെന്റംഗമായിരുന്നു. ലോക്സഭയിൽ ദി സ്കൂൾ ഓഫ് പ്ലാനിങ് ആന്റ് ആ‍ർകിടെക്ച‍ർ ബില്ലിന് മുകളിൽ ചർച്ച നടക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജ്യോതിഷം ആണ് ഏറ്റവും വലിയ ശാസ്ത്രമെന്ന് ഉറച്ച് വിശ്വസിക്കുന്ന ഇദ്ദേഹം ആധുനിക ശാസ്ത്രവും അതിന്റെ കണ്ടുപിടിത്തങ്ങളും ജ്യോതിഷത്തിന് മുന്നിൽ കുള്ളനാണെന്നും പറഞ്ഞു.

അഞ്ച് വട്ടം തുട‍ർച്ചയായി ജയിച്ച് കയറിയ മണ്ഡലത്തിൽ കോൺഗ്രസ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ ശിവാനന്ദ് നോത്തിയാലിനെ പരാജയപ്പെടുത്തിയാണ് നിഷാങ്കിന്റെ രാഷ്ട്രീയത്തിലെ സുവർണ്ണകാലം തുടങ്ങുന്നത്. ഇതോടെ അവിഭക്ത ഉത്തർപ്രദേശിലെ പ്രധാന ബിജെപി നേതാക്കളിലൊരാളായി ഇദ്ദേഹം വളർന്നു.

കേന്ദ്രീയ വിദ്യാലയങ്ങളിലെ സിലബസ് പരിഷ്കരിക്കുകയെന്ന ആർഎസ്എസ് സമ്മർദ്ദത്തിന് മുന്നിൽ കഴി‌ഞ്ഞ അഞ്ച് വർഷക്കാലവും മോദി സർക്കാർ അനുകൂല നിലപാട് എടുത്തിരുന്നില്ല. ഇക്കുറി നിഷാങ്കിലൂടെ ഈ തീരുമാനം നടപ്പിലാക്കിയേക്കും.

പുതിയ വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കുന്നതിന് ഐഎസ്ആർഒ മുൻ തലവൻ കെ കസ്തൂരിരംഗനെ അദ്ധ്യക്ഷനാക്കി ഒരു സമിതിക്ക് രൂപം നൽകിയിരുന്നു. ഇക്കുറി നിഷാങ്കിലൂടെ സമൂലമായ സിലബസ് പരിഷ്കരണത്തിനാവും ആർഎസ്എസ് ശ്രമിക്കുക.