ദില്ലി: രാജ്യത്ത് രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് പടരുന്നു. പത്ത് സംസ്ഥാനങ്ങളിലെ മൂന്നിൽ രണ്ട് കൊവിഡ് ബാധിതരിൽ രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മുംബൈയിലെ ബോംബെ ഹോസ്പിറ്റലിൽ മൂന്ന് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് സ്ഥിരീകരിച്ചവർ അസമിൽ 82%, ഉത്തർപ്രദേശിൽ 75%, മഹാരാഷ്ട്ര 65 % എന്നിങ്ങനെയാണ്. ഇവരുടെ പ്രായം 20 നും 45 നുമിടയിലാണ്. ദില്ലിയിൽ രോഗം സ്ഥിരീകരിച്ച 192 പേരിൽ രോഗലക്ഷണങ്ങളില്ലായിരുന്നു. ഇവിടെ രോഗബാധിതരുടെ എണ്ണം 2000 കടന്നു. മരണം 45 ആയി. ഇവിടെ കൊവിഡ് തീവ്രബാധിത മേഖലകൾ 79 ആയി. രാജ്യത്ത് ആകെ 17265 പേർക്ക് കൊവിഡ് രോഗം ബാധിച്ചു. ഇതിൽ 14175 പേർ ചികിത്സയിലാണ്. 2547 പേർക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 36 മരണം നടന്നു. ഇതേ സമയം കൊണ്ട് 1553 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

ചെന്നൈയിൽ കഴിഞ്ഞ ദിവസം മരിച്ച ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് മരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ചുള്ള മരണം 16 ആയി.