ബെംഗളൂരു: കാനറാ ബാങ്കിന്‍റെ എടിഎമ്മില്‍ നിന്ന് 100 രൂപ ചോദിച്ചവര്‍ക്ക് ലഭിച്ചത് 500 രൂപ. കര്‍ണാടകയിലെ കൊടുഗു ജില്ലയിലെ മടിക്കേരിയില്‍ ബുധനാഴ്ചയാണ് സംഭവം. എടിഎം കൈകാര്യം ചെയ്യുന്ന ഏജന്‍സിക്ക് പറ്റിയ പിഴവാണ് നൂറു രൂപയ്ക്ക് പകരം അഞ്ഞൂറു രൂപ ലഭിക്കാന്‍ കാരണമായത്.

100 രൂപയുടെ നോട്ടുകള്‍ നിറയ്‍‍ക്കേണ്ട ട്രേയില്‍ അബദ്ധത്തില്‍ 500 രൂപയുടെ നോട്ടുകള്‍ നിറയ്ക്കുകയായിരുന്നു. ഇതോടെ എടിഎമ്മില്‍ നിന്ന് ഏകദേശം 1.7 ലക്ഷം രൂപയാണ് പിന്‍വലിക്കപ്പെട്ടത്. നൂറു രൂപയ്ക്ക് പകരം 500 രൂപ ലഭിച്ച ഉപയോക്താക്കളിലൊരാള്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് പിഴവ് പറ്റിയ വിവരം ബാങ്ക് അധികൃതര്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് ഏജന്‍സിയുമായി ബന്ധപ്പെട്ട് പണം തിരികെ വാങ്ങാനുള്ള നടപടികള്‍ ബാങ്ക് ആരംഭിച്ചു. 

Read More: പൗരത്വ നിയമ ഭേ​ദ​ഗതി: ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ബിജെപിക്ക് സാധിക്കുമെന്ന് അമിത് ഷാ

100 രൂപയ്ക്ക് പകരം 500 രൂപ നോട്ടുകള്‍ കിട്ടിയ ഉപയോക്താക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ എടിഎമ്മില്‍ നിന്ന് 65,000 രൂപ വീതം പിന്‍വലിച്ച രണ്ടുപേര്‍ പണം തിരികെ നല്‍കാന്‍ തയ്യാറായില്ല. ബാങ്കിന്‍റെ ഭാഗത്ത് നിന്നുണ്ടായ തെറ്റായത് കൊണ്ട് പണം മടക്കി നല്‍കാന്‍ കഴിയില്ലെന്ന് ഇവര്‍ അറിയിച്ചു. എന്നാല്‍ പിന്നീട് ബാങ്ക് പൊലീസിന്‍റെ സഹായം തേടിയപ്പോള്‍ ഇവര്‍ പണം തിരികെ നല്‍കുകയായിരുന്നു.