Asianet News MalayalamAsianet News Malayalam

ക്രൈസ്തവർക്കെതിരായ ആക്രമണ വാർത്തകൾ കെട്ടിച്ചമച്ചത്; കടുത്ത വിമർശനവുമായി കേന്ദ്രസർക്കാർ

അനധികൃത നിർമാണം തടയുന്നത് പോലും ആക്രമണമായി ചിത്രീകരിക്കുന്നുവെന്ന് സർക്കാർ

Attack against Christianity, Government criticize petition by Bishop
Author
Delhi, First Published Aug 16, 2022, 7:53 PM IST

ദില്ലി: ക്രൈസ്തവർക്കെതിരായ ആക്രമണ വാർത്തകൾ കെട്ടിച്ചമച്ചതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ്  കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം. ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ.പീറ്റർ മച്ചാഡോയും ഇവാൻജെലിക്കൽ ഗ്രൂപ്പും സമർപ്പിച്ച ഹർജിയിലെ വിവരങ്ങൾ വ്യാജമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനെ ധരിപ്പിച്ചു. രാജ്യത്തെ ചില ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരെ അക്രമം നടക്കുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണ്. വ്യാജ വാർത്തകൾ ഉൾപ്പെടെയുള്ള രേഖകളുടെ പിൻബലത്തിലാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. 

അനധികൃത നിർമാണം തടയുന്നത് പോലും ആക്രമണമായി ചിത്രീകരിക്കുകയാണ്. ലേഖനങ്ങൾ എഴുതിയുണ്ടാക്കി പ്രസിദ്ധീകരിപ്പിച്ച് ഹർജി ഉണ്ടാക്കുന്നു. ഇതിനെല്ലാം വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഈ സഹായം ലഭിക്കുന്നതിനാലാകാം ഇത്തരം വാദങ്ങൾ ഉന്നയിച്ച് ഹ‍ർജി എത്തുന്നതെന്നും കേന്ദ്ര സർക്കാർ ആരോപിച്ചു. രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനും അവരുടെ സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന ആക്രമണം തടയാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ്  ആർച്ച് ബിഷപ്പ് ഡോ.പീറ്റർ മച്ചാഡോയും ഇവാൻജെലിക്കൽ ഗ്രൂപ്പും സുപ്രീംകോടതിയെ സമീപിച്ചത്. 

ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന ആക്രമണങ്ങളില്‍ പലതും വര്‍ഗീയ ആക്രമണമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ തര്‍ക്കങ്ങള്‍ പോലും വര്‍ഗീയ സംഘര്‍ഷമായാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ വിദേശ ശക്തികള്‍ക്ക്  ഇടപെടാന്‍ അവസരം ഒരുക്കുന്നതിനാകാം ഹര്‍ജിയെന്നും കേന്ദ്ര സർക്കാർ വാദിച്ചു. കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം പരിഗണിച്ച കോടതി കേസ് വീണ്ടും പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് (ഓഗസ്റ്റ് 26) മാറ്റി. ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എസ്.ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Follow Us:
Download App:
  • android
  • ios