ലക്നൗ: ഉത്ത‍ര്‍പ്രദേശിൽ കൊവിഡ് 19 വൈറസ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചയാളെ ആശുപത്രിയിലേക്ക് എത്തിക്കാനായി പോയ ആരോഗ്യപ്രവ‍ര്‍ത്തകര്‍ക്കും ആംബുലൻസിനും നേരെ ആക്രമണം. മൊറാബാദിലാണ് ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും നേരെ പ്രദേശവാസികൾ കല്ലേറും ആക്രമണവും നടത്തിയത്. ഡോക്ടർമാരുൾപ്പടെയുളളവര്‍ മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. പ്രദേശത്ത് കഴിഞ്ഞ ദിവസം ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവരുടെ കുടുംബാംഗങ്ങളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതേ പ്രദേശത്തുള്ള രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച മറ്റൊരാളെ ആശുപത്രിയില്‍ എത്തിക്കാനായി പോയതായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍. രാജ്യത്ത് ഇത് ആദ്യമായല്ല കൊവിഡ് പ്രതിരോധ പ്രവ‍ര്‍ത്തനങ്ങള്‍ നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. നേരത്തെ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും എതിരെ ആക്രമണമുണ്ടായിരുന്നു. 

ആരോഗ്യപ്രവർത്തകരുടെ പരാതി പരിഹരിക്കുന്നതിനായി ഹെൽപ്പ് ലൈൻ ആരംഭിക്കുമെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ  ഇന്ന് അറിയിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർക്കായി കേന്ദ്രം പ്രത്യേക മാർഗരേഖ ഇറക്കണം എന്ന‌ ആവശ്യപ്പെട്ട്  യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ, ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ എന്നിവ‍ര്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കവേയായിരുന്നു സുപ്രീംകോടതിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് യുപിയിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. അതിനിടെ  രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നു. 24 മണിക്കൂറിനിടെ 38 പേര്‍ മരിച്ചു. ദില്ലി, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഉത്തരേന്ത്യയിൽ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത്.