ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ആക്രമണത്തിൽ എൻഐഎ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ദില്ലി: ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തിൽ കേസെടുത്ത് എൻഐഎ. ആക്രമണം എൻഐഎ അന്വേഷിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത് ഇസ്രയേലിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ഹമാം അൽ ഹമാമി ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ട്.

അതിനിടെ, ഫ്ലൈദുബായ് വിമാനം തട്ടിയെടുക്കാനായി ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ ആക്രമിച്ച സഹപൈലറ്റ് ഹമാം അൽ ഹമാമിക്കെതിരായ യുഎഇയുടെ അന്വേഷണത്തിൻറെ വിവരങ്ങൾ പുറത്ത് വന്നു. ഇസ്രയേലിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കുന്നതാണ് യുഎഇയുടെ അന്വേഷണവും. വിമാനത്തിലുള്ള യാത്രക്കാരടക്കം ആളുകളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബെൻ ഗുറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ ഹമാമി പദ്ധതിയിട്ടതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഒമാൻ സ്വദേശിയായ സഹ പൈലറ്റിന് 29 വയസാണുള്ളത്. 2017 ഓസ്ട്രേലിയൻ പഠനകാലം മുതൽ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനാണ് ഇയാളെന്നും യു എ ഇയുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വേൾഡ് ട്രേഡ് സെൻറർ അക്രമണവും പ്രചോദനമായെന്നും യു എ ഇ അന്വേഷണ റിപ്പോർട്ടിലുണ്ട്. എന്നാൽ പുറമെ നിന്ന് ആരുടെയും സഹായം ആക്രമിക്ക് ലഭിച്ചിട്ടില്ല എന്നും മൊഴിയിലുണ്ട്. ആക്രമിയെ കീഴ്പ്പെടുത്തിയത് യാത്രക്കാരും ജീവനക്കാരും ചേർന്നാണെന്നും അന്വേഷണ റിപ്പോ‍ർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സൂചന പോലും ഇല്ലാത്ത ആക്രമണം

2020 മുതൽ 2024 വരെ ഹമാമി ഒമാൻ എയറിൽ ജോലി ചെയ്തിരുന്നു. ബോക്സിങ്ങിലടക്കം പരിശീലനം നേടിയിട്ടുണ്ട്. മുമ്പ് രണ്ട് തവണ ടെൽ അവീവിലേക്ക് വിമാനത്തിൽ യാത്ര ചെയ്തയാളാണ് പ്രതിയെന്നും അന്വേഷണത്തിൽ വ്യക്തമായി. തീവ്രവാദ സ്വാധീനത്തിന്റെ സൂചനകൾ പോലുമില്ലാതെ, എല്ലാ പരിശോധനകളും പാസായ ശേഷമാണ് ഫ്ലൈദുബായിയിൽ ഇയാൾക്ക് ജോലി ലഭിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മച്ഛാറിനെ ആക്രമിച്ച് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചതിന് സൂചനകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിലുണ്ട്. പൈലറ്റിനെ ആക്രമിച്ചപ്പോൾ കോക്ക്പിറ്റ് വാതിൽ തുറന്നത് മടക്ക യാത്രയിൽ വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കോഡ് ഉപയോഗിച്ചാണ് വാതിൽ തുറന്നത്. ആക്രമണത്തിൽ ബാഹ്യപ്രേരണ ഉണ്ടായിട്ടില്ലെന്നും പ്രതിയുടെ മൊഴി വ്യക്തമാക്കുന്നു. വിമാനം പിന്നീട് നിയന്ത്രിച്ചതും സൗദിയിൽ ഇറക്കിയതും വിമാനത്തിൽ ഉണ്ടായിരുന്ന മറ്റൊരു പൈലറ്റാണെന്നും യുഎഇ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേലി മാധ്യമങ്ങളും നേരത്തെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. അന്വേഷണത്തിനിടെ ഒമാനി സഹപൈലറ്റ് നൽകിയ മൊഴിയായാണ് ഇവ പുറത്തു വന്നത്. ക്യാപ്റ്റനെ വീഴ്ത്തി, സാധാരണ നിലയിൽ ടെൽ അവീവിലേക്ക് പറന്ന്, സംശയം തോന്നാത്ത വിധം ലാൻഡിങ് അനുമതി വരെ നേടിയെടുക്കാനായിരുന്നു ശ്രമം. ശേഷം ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനായിരുന്നു പദ്ധതി. മുൻപും ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം യുഎഇ അന്വേഷണ റിപ്പോ‍ർട്ടിലുണ്ടോ എന്നത് വ്യക്തമല്ല.

YouTube video player