ബെംഗളൂരുവിൽ പ്രണയവിവാഹിതയായ ഇരുപത്തിയൊന്നുകാരിയെ വീട്ടുകാർ നിയോഗിച്ച ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. രക്ഷപ്പെടുന്നതിനിടെ സംഘം ഓടിച്ച കാറിടിച്ച് ആറുപേർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾ തകരുകയും ചെയ്തു. യുവതിയുടെ പരാതിയിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു: ബെംഗളൂരു അഗ്രഹാര ദാസറഹള്ളിയിൽ ജനവാസ കേന്ദ്രത്തിന് നടുവിൽ നിന്ന് രാജസ്ഥാൻ സ്വദേശിയായ ഇരുപത്തിയൊന്നുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പ്രണയവിവാഹിതയായി നാടുവിട്ട യുവതിയെ തിരികെ എത്തിക്കാൻ വീട്ടുകാർ നിയോഗിച്ച സംഘമാണ് അതിക്രമം നടത്തിയത്. യുവതിയുമായി കാറിൽ അമിത വേഗത്തിൽ പാഞ്ഞ നാലംഗ സംഘം രണ്ട് കുട്ടികൾ ഉൾപ്പെടെ ആറുപേരെ ഇടിച്ചുവീഴ്ത്തി. നിരവധി വാഹനങ്ങളും തകർത്തു. വാഹനത്തിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടന്നു എന്ന് യുവതി പൊലീസിന് മൊഴി നൽകി. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
സിനിമയെ വെല്ലുന്ന അതിക്രമങ്ങൾക്കാണ് ബെംഗളൂരുവിലെ തിരക്കേറിയ ജനവാസ കേന്ദ്രം സാക്ഷ്യം വഹിച്ചത്. രാജസ്ഥാൻ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയെ ഒരു സംഘം ഗുണ്ടകൾ ഇന്നലെ രാത്രി 7 മണിയോടെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് രാജസ്ഥാൻ സ്വദേശിയായ ഇരുപത്തിമൂന്നുകാരനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതി, ഭർത്താവിനൊപ്പം അഗ്രഹാര ദാസറഹള്ളിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞാണ് പെൺകുട്ടിയുടെ വീട്ടുകാർ ഒരു ക്വട്ടേഷൻ സംഘത്തെ ബെംഗളൂരുവിലേക്ക് നിയോഗിച്ചത്. യുവതിയുടെ വാടകവീട്ടിൽ അതിക്രമിച്ചു കയറിയ നാലംഗ സംഘം ഇവരെ ബലമായി കാറിലേക്ക് വലിച്ചിഴച്ചു കയറ്റി. യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് അയൽവാസികളും നാട്ടുകാരും ഓടിക്കൂടിയത്. പിടിക്കപ്പെടുമെന്ന് ബോധ്യമായതോടെ ക്വട്ടേഷൻ സംഘം തങ്ങളെത്തിയ ഹ്യുണ്ടായ് വെന്യു കാർ അതിവേഗത്തിൽ മുന്നോട്ട് എടുക്കുകയായിരുന്നു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും വണ്ടി നിർത്താൻ സംഘം തയ്യാറായില്ല.
രക്ഷപ്പെടാനായി പ്രതികൾ അമിതവേഗത്തിൽ കാർ ഓടിച്ചതോടെയാണ് രണ്ട് കുട്ടികൾ ഉൾപ്പെടെ കാൽനടയാത്രക്കാരായ 6 പേർക്ക് പരിക്കേറ്റത്. ഇതിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അൻപത്തിയേഴുകാരിയായ ജയലക്ഷ്മി എന്ന സ്ത്രീയുടെ നില ഗുരുതരമാണ്. ഒരു പൊലീസ് വാഹനവും ഒരു ജഡ്ജിയുടെ വാഹനവും ഉൾപ്പെടെ നൂറിലേറെ വണ്ടികളിലും സംഘം സഞ്ചരിച്ച കാർ ഇടിച്ചു. കാറിനെ പിന്തുടർന്ന ജനക്കൂട്ടം ഹൊസഹള്ളിക്ക് സമീപം വച്ച് വാഹനം തടഞ്ഞു. കാർ വളഞ്ഞ നാട്ടുകാർ പ്രതികളെ കയ്യേറ്റം ചെയ്തു. വാഹനം തകർത്തു.
കാറിനുള്ളിൽ വച്ച് തനിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നാലുപേരെയും അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശികളായ സദ്ദാം, രാകേഷ്, അയൻ, കരൺ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ലൈംഗികാതിക്രമത്തിന് പുറമേ വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, കരുതിക്കൂട്ടിയുള്ള അപകടം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ വിജയനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.



