Asianet News MalayalamAsianet News Malayalam

ആരുടെയും പേര് പറഞ്ഞിട്ടില്ല: അഗസ്റ്റവെസ്റ്റ്‍ലാൻഡ് കേസിലെ എൻഫോഴ്സ്മെന്‍റ് കുറ്റപത്രം തെറ്റെന്ന് ക്രിസ്ത്യൻ മിഷേൽ

ക്രിസ്ത്യൻ മിഷേലിന്‍റെ ഡയറിയിൽ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്‍റെയും ഗാന്ധി കുടുംബത്തിന്‍റെയും പേരുകളുണ്ടെന്നാണ് എൻഫോഴ്സ്മെന്‍റ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ എൻഫോഴ്സ്മെന്‍റിന് മുമ്പാകെ താൻ ഒരാളുടെ പേരും പറഞ്ഞിട്ടില്ലെന്ന് കാണിച്ച് ക്രിസ്ത്യൻ മിഷേൽ ദില്ലി പാട്യാല കോടതിയിൽ ഹർജി സമർപ്പിച്ചു.

augustawestland  scam case accused cristian micheal says he never mentioned any name before ed
Author
Delhi, First Published Apr 5, 2019, 5:50 PM IST

ദില്ലി: അഗസ്റ്റവെസ്റ്റ്‍ലാൻഡ് അഴിമതി കേസിൽ എൻഫോഴ്സ്മെന്‍റ്  കോടതിയിൽ സമർപ്പിച്ച വസ്തുതകൾ തെറ്റെന്ന് പ്രതി ക്രിസ്ത്യൻ മിഷേൽ. എൻഫോഴ്സ്മെന്‍റിന് മുമ്പാകെ താൻ ഒരാളുടെ പേരും പറഞ്ഞിട്ടില്ലെന്ന് കാണിച്ച് ക്രിസ്ത്യൻ മിഷേൽ ദില്ലി പാട്യാല കോടതിയിൽ ഹർജി സമർപ്പിച്ചു.

അഗസ്റ്റ വെസ്റ്റ്‍ലാൻഡ് കേസിലെ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മാധ്യമങ്ങൾക്ക് ചോർത്തിയെന്നാരോപിച്ചും ക്രിസ്റ്റ്യൻ മിഷേൽ പാട്യാല കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കേസിലെ പ്രതിയായ തനിക്ക് ലഭിക്കുന്നതിന് മുൻപേ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം മാധ്യമങ്ങൾക്ക്  ചോർത്തി നൽകിയെന്നാണ് ക്രിസ്ത്യൻ  മിഷേൽ പരാതി. മിഷേലിന്‍റെ പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട്  പാട്യാല കോടതി എൻഫോഴ്സ്മെന്‍റിന് നോട്ടീസ് അയച്ചു.

കുറ്റപത്രം ചോർന്നത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് കാണിച്ചാണ് പാട്യാല കോടതി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നോട്ടിസ് അയച്ചിരിക്കുന്നത്. വിഷയത്തിൽ നാളെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിശദീകരണം നൽകും.

അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് ഹെലികോപ്ടർ ഇടപാടിലെ ഇടനിലക്കാരൻ കിസ്ത്യൻ മിഷേലിന്‍റെ ഡയറിയിലെ എ.പി, എഫ്എഎം എന്നീ പരാമർശങ്ങൾ  അഹമ്മദ് പട്ടേലിനെയും നെഹ്റു കുടുംബത്തെയും സൂചിപ്പിക്കന്നതാണെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ  രേഖപ്പെടുത്തിയിട്ടുണ്ട്. അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടിനായി രാഷ്ട്രീയക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കോഴ നൽകിയെന്ന് ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേൽ സമ്മതിച്ചതായും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നലെ ദില്ലി കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.

അതിനിടെ എൻഫോഴ്സ്മെന്‍റിന്‍റെ കണ്ടെത്തലുകളിലൂടെ അഗസ്റ്റവെസ്റ്റ്‍ലാന്‍ഡ് കേസിൽ കോൺഗ്രസിന്‍റെ പങ്ക് വ്യക്തമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഡെറാഡൂണിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് നരേന്ദ്രമോദി അഗസ്റ്റവെസ്റ്റ്‍ലൻഡ് കേസിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്.

എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഹീനമായ നാടകമാണിതെന്നും കുറ്റപത്രത്തിലെ പരാമ‌ശങ്ങൾ അടിസ്ഥാന രഹിതമാണെന്നും അഹമ്മദ് പട്ടേൽ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ പരാജയഭീതി കാരണം ബിജെപി എൻഫോഴ്സ്മെന്‍റിനെ ഉപയോഗിച്ച് തരം താണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാലയും തിരിച്ചടിച്ചു
 

Follow Us:
Download App:
  • android
  • ios