ഐഡിയ ഉണ്ടെങ്കിൽ ഒരു ലക്ഷം രൂപവരെയെന്ന് വിശദമാക്കി ലെന്‍സ്കാര്‍ട്ടിലെ പ്രൊഡക്ട് ലീഡറായ രാഹുല്‍ രുപാണി

മുംബൈ: തിരക്കേറിയ ഒരു നഗരത്തിൽ ഒരു ഓട്ടോ ഡ്രൈവർക്ക് എത്ര രൂപ ഒരുമാസം സമ്പാദിക്കാനാവും. ഐഡിയ ഉണ്ടെങ്കിൽ ഒരു ലക്ഷം രൂപവരെയെന്ന് വിശദമാക്കി ലെന്‍സ്കാര്‍ട്ടിലെ പ്രൊഡക്ട് ലീഡറായ രാഹുല്‍ രുപാണി. ഓട്ടോ ഒരു ദിവസം പോലും ഓടാതെയാണ് മാസം ലക്ഷങ്ങളുടെ വരുമാനമെന്നതാണ് ഇതിലെ ഹൈലൈറ്റ്. മഹാരാഷ്ട്രയിലെ മുബൈയിലെ അമേരിക്കൻ കോൺസുലേറ്റിന് മുന്നിൽ പാർക്ക് ചെയ്ത ഓട്ടോ ഡ്രൈവറാണ് ലക്ഷങ്ങൾ മാസം തോറും സമ്പാദിക്കുന്നതെന്നാണ് രാഹുല്‍ രുപാണി സമൂഹമാധ്യമങ്ങളിലെ കുറിപ്പിൽ വിശദമാക്കുന്നത്.

ലിങ്കിഡ്ഇന്നില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ വേറിട്ട ബിസിനസ് ഐഡിയ വിശദമാക്കുന്നത്. അമേരിക്കൻ കോൺസുലേറ്റിൽ എന്തെങ്കിലും ആവശ്യത്തിന് പോവുന്നവർക്ക് ഓഫീസിന് അകത്തേക്ക് ബാഗുകൾ കൊണ്ടുപോവാനുള്ള അനുമതി ഇല്ല. എന്നാൽ ഓഫീസ് പരിസരത്ത് ലോക്കർ സൌകര്യങ്ങളും ലഭ്യമല്ല. വിസ ആവശ്യങ്ങൾക്കും മറ്റുമായി ഇവിടെ എത്തുന്നവർക്ക് ലോക്കർ സൌകര്യമാണ് ഈ ഓട്ടോ റിക്ഷയിൽ നൽകുന്നത്. രാഹുല്‍ രുപാണി യുഎസ് കോണ്‍സുലേറ്റില്‍ വിസ ആവശ്യത്തിന് പോയപ്പോഴുള്ള അനുഭവമാണ് കുറിപ്പിലുള്ളത്.

 ബാഗ് ഓഫീസിന് അകത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് സെക്യൂരിറ്റി പറഞ്ഞു. ഓഫീസിലാണെങ്കില്‍ ലോക്കറോ മറ്റു സൗകര്യങ്ങളോ ഇല്ല. പുറത്തിറങ്ങി കണ്ടുപിടിക്കൂ എന്നാണ് രാഹുലിനോട് സെക്യൂരിറ്റി പറഞ്ഞത്. 'പുറത്തിറങ്ങി നോക്കുമ്പോള്‍ ഫുട്പാത്തില്‍ നില്‍ക്കുന്ന ഓട്ടോ ഡ്രൈവറാണ് സഹായത്തിന് എത്തിയത്. 1000 രൂപ നല്‍കിയാല്‍ ബാഗ് സുരക്ഷിതമാക്കാം എന്നായിരുന്നു അയാളുടെ ഓഫര്‍'. സംശയത്തോടെയാണെങ്കിലും മറ്റ് മാർഗമില്ലാത്തതിനാൽ ബാഗ് ഓട്ടോയിൽ നൽകി രാഹുൽ കോൺസുലേറ്റിൽ പോയി വരുകയായിരുന്നു.

കോണ്‍സുലേറ്റിന് മുന്നില്‍ ഓട്ടോ നിര്‍ത്തി അവിടെ എത്തുന്നവര്‍ക്ക് ലോക്കര്‍ സര്‍വീസാണ് ഈ ഓട്ടോ ഡ്രൈവറുടെ ബിസിനസ് ആശയം. ദിവസം 20 മുതൽ 30 പേർ ബാഗ് ഏൽപ്പിച്ചാൽ വരുമാനം 30000 രൂപവരെയാണ്. ഓട്ടോയില്‍ കൂടുതല്‍ ബാഗ് സൂക്ഷിക്കാന്‍ സാധിക്കാതെ വരുന്ന സമയത്ത് ഒരു പൊലീസുകാരന്‍റെ ഉടമസ്ഥതയിലുള്ള ലോക്കര്‍ സ്പേസ് വാടകയ്ക്കെടുത്താണ് ഓട്ടോയിലെ ലോക്കർ ബിസിനസ് മുന്നോട്ട് പോവുന്നതെന്നും കുറിപ്പ് വിശദമാക്കുന്നു. ആളുകള്‍ക്കിടയില്‍ വിശ്വാസം വളർത്തിയെടുക്കാനും പ്രീമിയം ചാർജ് ഈടാക്കാനുമുള്ള ഡ്രൈവറുടെ കഴിവിനെയും പ്രശംസിക്കുന്നതാണ് ലെന്‍സ്കാര്‍ട്ടിലെ പ്രൊഡക്ട് ലീഡറായ രാഹുല്‍ രുപാണിയുടെ കുറിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം