ദില്ലി: ആറ് വർഷങ്ങൾക്ക് ശേഷം നഗരത്തിലെ ഓട്ടോറിക്ഷ കൂലി കൂട്ടി ദില്ലി സർക്കാർ. 18 ശതമാനത്തിന്റെ വര്‍ധനവാണ് ഓട്ടോറിക്ഷ കൂലിയില്‍ വരുത്തിയിരിക്കുന്നത്. ഇതോടെ  ഒന്നര കിലോമീറ്ററിന് 25 രൂപയായി മിനിമം ചാര്‍ജ്ജ് ഉയര്‍ന്നു. ഇതുവരെ 2 കിലോമീറ്ററിന് 25 രൂപയായിരുന്നു ദില്ലിയിലെ മിനിമം ചാര്‍ജ്. 

ആദ്യത്തെ 1.5കിലോമീറ്ററിന് 25 രൂപയും പിന്നീടുള്ള കിലോമീറ്ററിന്‍റെ നിരക്ക് 8ൽ നിന്നും 9 രൂപ ആക്കിയും നിരക്കില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. യാത്രയ്ക്കിടെ ഗതാഗത കുരുക്കിൽ പെട്ടാൽ അതിനും അധികം കൂലി നൽകണം. മിനിട്ടിന് 75 പൈസയാണ് ഇത്തരത്തില്‍ കാത്ത് നില്‍പ്പിന് നല്‍കേണ്ടി വരിക. സർക്കാരിന്‍റെ തീരുമാനം ഏറെ സന്തോഷത്തോടെയാണ് റിക്ഷ തൊഴിലാളികൾ ഏറ്റെടുത്തിരിക്കുന്നത്. 

ദില്ലിയില്‍ 90000ത്തിലധികമാണ് ഓട്ടോ റിക്ഷാ തൊഴിലാളികളുടെ എണ്ണം. നിരക്ക് വര്‍ധന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പെടുത്ത തീരുമാനമാണെങ്കിലും ഇപ്പോഴാണ് നടപ്പാക്കുന്നത്. സ്ത്രീകൾക്ക് മെട്രോയിലും, ബസിലും, സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന പദ്ധതിയ്ക്ക് പിന്നാലെയാണ് ദില്ലി സര്‍ക്കാര്‍ ഓട്ടോറിക്ഷ നിരക്ക് കൂട്ടിയത്. നിയമസഭാ തെരഞ്ഞെടുപ്പെന്ന് ലക്ഷ്യമാക്കിയാണ് അരവിന്ദ് കെജ്‍രിവാളിന്‍റെ നീക്കമെന്നാണ് സൂചന.