ദില്ലി: അയോധ്യയിൽ രാമക്ഷേത്രം നിർമ്മാണത്തിന് ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി സത്യപ്രതിജ്ഞാലംഘനം എന്ന വിമർശനം ആവർത്തിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദീൻ ഒവൈസി. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പരാജയദിനമാണിന്ന്. ഹിന്ദുത്വത്തിന്റെ വിജയദിനം കൂടിയാണെന്നും ഒവൈസി അഭിപ്രായപ്പെട്ടു. 

ബാബ്‍രി മസ്‍ജിദ് എക്കാലവും നിലനിൽക്കുമെന്നാണ് മുസ്ലിം വ്യക്തിനിയമബോ‍ർഡ് (AIMPLB) അയോധ്യയിലെ ഭൂമിപൂജയോട് പ്രതികരിച്ചത്. ഒരിക്കലൊരിടത്ത് പള്ളി പണിതെങ്കിൽ എല്ലാക്കാലവും ആ പള്ളി അവിടെ തുടരും എന്നാണ് ഇസ്ലാമിക വിശ്വാസം. അതനുസരിച്ചാണെങ്കിൽ ബാബ്‍രി മസ്‍ജിദ് എന്ന സങ്കൽപം ഒരിക്കലും ഇല്ലാതാകുന്നില്ലെന്നും അയോധ്യ - ബാബ്‍രി മസ്ജ‍ിദ് കേസിലെ മുഖ്യകക്ഷികളിൽ ഒരാളായിരുന്ന മുസ്ലിം വ്യക്തിനിയമബോർഡ് വ്യക്തമാക്കി.

'ബാബ്‍രി മസ്‍ജിദ് ഇന്നലെ ഉണ്ടായിരുന്നു, ഇന്നുമുണ്ട്, നാളെയുമുണ്ടാകും. പള്ളി നിലനിന്നയിടത്ത് വിഗ്രഹങ്ങൾ വച്ചതുകൊണ്ടോ, പൂജ നടത്തിയതുകൊണ്ടോ, നമസ്കാരം വിലക്കിയതുകൊണ്ടോ മസ്‍ജിദ് ഇല്ലാതാകുന്നില്ല' എന്നും മുസ്ലിം വ്യക്തിനിയമബോർഡ് പറഞ്ഞു.

Read Also: ''ബാബ്‍രി മസ്‍ജിദ് ഇന്നലെ ഉണ്ടായിരുന്നു, ഇന്നുമുണ്ട്, നാളെയുമുണ്ടാകും'', മുസ്ലിം വ്യക്തി നിയമബോർഡ്...

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിർമാണത്തിന്‍റെ തുടക്കം രാജ്യത്തിന്‍റെ സുവർണനിമിഷമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി  പറഞ്ഞത്. ഒരു കൂടാരത്തിലാണ് പതിറ്റാണ്ടുകൾ രാമന്‍റെ വിഗ്രഹം കഴിഞ്ഞിരുന്നത്. ഇന്നത് വലിയൊരു ക്ഷേത്രത്തിലേക്ക് മാറുന്നു. രാമജന്മഭൂമി സ്വതന്ത്രമായെന്നും പ്രധാനമന്ത്രി ഭൂമിപൂജയ്ക്ക് ശേഷം നടത്തിയ അഭിസംബോധനയിൽ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യസമരത്തെയും മഹാത്മാഗാന്ധിയെയും കൂട്ടുപിടിച്ചായിരുന്നു മോദിയുടെ പ്രസംഗം. 

സ്വാതന്ത്ര്യസമരത്തെ അയോധ്യാപ്രക്ഷോഭവുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി, ദളിതരും, പിന്നാക്ക വിഭാഗങ്ങളും ക്ഷേത്രം യാഥാർത്ഥ്യമാകാൻ ആഗ്രഹിച്ചുവെന്ന് പറഞ്ഞു. 'സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം പോലെയായിരുന്നു ക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടവും. ദളിതരും, പിന്നാക്ക വിഭാഗങ്ങളും ക്ഷേത്രം യാഥാർത്ഥ്യമാകാൻ ആഗ്രഹിച്ചു. സരയു തീരത്ത് യാഥാർത്ഥ്യമായത് സുവർണ്ണ ചരിത്രമാണ്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. ഈ ഐതിഹാസിക നിമിഷത്തിന് അവസരം നൽകിയവർക്ക് നന്ദി. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ കഴിഞ്ഞത് ഭാഗ്യമാണ്' എന്നും മോദി പറഞ്ഞു. 

Read Also: ''ഇത് സ്വാതന്ത്ര്യ സമരത്തിന് തുല്യം, ജയ് ശ്രീരാം'', എന്ന് പ്രധാനമന്ത്രി, രാമക്ഷേത്രത്തിന് ശില പാകി...