ദില്ലി/ അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിർമാണത്തിന്‍റെ തുടക്കം രാജ്യത്തിന്‍റെ സുവർണനിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കൂടാരത്തിലാണ് പതിറ്റാണ്ടുകൾ രാമന്‍റെ വിഗ്രഹം കഴിഞ്ഞിരുന്നത്. ഇന്നത് വലിയൊരു ക്ഷേത്രത്തിലേക്ക് മാറുന്നു. രാമജന്മഭൂമി സ്വതന്ത്രമായെന്നും പ്രധാനമന്ത്രി ഭൂമിപൂജയ്ക്ക് ശേഷം നടത്തിയ അഭിസംബോധനയിൽ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യസമരത്തെയും മഹാത്മാഗാന്ധിയെയും കൂട്ടുപിടിച്ചായിരുന്നു മോദിയുടെ പ്രസംഗം. 

സ്വാതന്ത്ര്യസമരത്തെ അയോധ്യാപ്രക്ഷോഭവുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി, ദളിതരും, പിന്നാക്ക വിഭാഗങ്ങളും ക്ഷേത്രം യാഥാർത്ഥ്യമാകാൻ ആഗ്രഹിച്ചുവെന്ന് പറഞ്ഞു. ''സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം പോലെയായിരുന്നു ക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടവും. ദളിതരും, പിന്നാക്ക വിഭാഗങ്ങളും ക്ഷേത്രം യാഥാർത്ഥ്യമാകാൻ ആഗ്രഹിച്ചു. സരയു തീരത്ത് യാഥാർത്ഥ്യമായത് സുവർണ്ണ ചരിത്രമാണ്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. ഈ ഐതിഹാസിക നിമിഷത്തിന് അവസരം നൽകിയവർക്ക് നന്ദി. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ കഴിഞ്ഞത് ഭാഗ്യമാണ്'', എന്നും മോദി പറഞ്ഞു. 

ശ്രീരാമൻ ഐക്യത്തിന്‍റെ അടയാളമാണെന്ന് മോദി വ്യക്തമാക്കി. ''രാമനെ അദ്ദേഹത്തിന്‍റെ ജന്മസ്ഥാനത്ത് നിന്ന് മാറ്റാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒരു കൂടാരത്തിൽ നിന്ന് വലിയ ക്ഷേത്രത്തിലേക്ക് രാംലല്ല മാറുന്നു. ത്യാഗത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും പ്രതീകമാണ് രാമജന്മഭൂമി. രാമക്ഷേത്രം സമ്പദ് വ്യവസ്ഥയേയും, വിനോദ സഞ്ചാരത്തെയും ഉത്തേജിപ്പിക്കും. രാമക്ഷേത്രം ദേശീയതയുടെ അടയാളമാകും. മനുഷ്യനെയും ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാകും രാമക്ഷേത്രം'', മോദി പറഞ്ഞു. 

രാമായണം പല ഭാഷകളിലുണ്ട്. പക്ഷേ രാമൻ ഒന്നേയുള്ളൂ, അദ്ദേഹം എല്ലാവരുടേതുമാണ് എന്നും മോദി പല ഭാഷകളിലെ രാമായണകഥകളുടെ ഉദാഹരണം എടുത്തുകാട്ടിക്കൊണ്ട് പറഞ്ഞു. ''സത്യത്തെ മുറുകെ പിടിക്കാനാണ് രാമൻ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. രാമനെ പോലെ മികച്ചൊരു ഭരണാധികാരിയുണ്ടായിട്ടില്ല. അതിനാലാണ് മര്യാദാപുരുഷോത്തമൻ എന്ന് അദ്ദേഹത്തെ വിളിക്കുന്നത്. കുട്ടികളെ, വൃദ്ധരെ, ചികിത്സകരെ ഒക്കെ എന്നും കാത്തുരക്ഷിക്കണം എന്നാണ് രാമൻ പഠിപ്പിച്ചത്. ഇത് തന്നെയല്ലേ കൊറോണയും നമ്മെ കാണിച്ചു തന്നത്'', എന്ന് മോദി. 

''ഇപ്പോൾ നടപ്പാകുന്നതും രാമന്‍റെ നീതിയാണ്. പരസ്പരസ്നേഹം കൊണ്ട് വേണം ഈ ക്ഷേത്രത്തിന്‍റെ ഓരോ ശിലയും കൂട്ടിച്ചേർക്കണ്ടത്. മാതൃഭൂമി അമ്മയെപ്പോലെയാണെന്ന് രാമൻ നമ്മെ പഠിപ്പിച്ചു. മഹാത്മാഗാന്ധി പോലും രാമരാജ്യമാണ് സ്വപ്നം കണ്ടത്. രാജ്യം ഇന്ന് മുന്നോട്ട് പോകുകയാണ്. ശ്രീരാമൻ സ്വന്തം കർത്തവ്യം മറക്കരുതെന്നാണ് എല്ലാവരോടും പറഞ്ഞത്. കൊറോണ കാലത്ത് എല്ലാവരും മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണ''മെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാം മന്ദിർ ട്രസ്റ്റ് പ്രസിഡന്‍റ് നിത്യഗോപാൽദാസ് എന്നിവരും സംസാരിച്ചു. രഥയാത്രയുടെ അമരക്കാരനായിരുന്ന എൽ കെ അദ്വാനിയെ മോഹൻ ഭാഗവത് പ്രസംഗത്തിൽ പരാമർശിച്ചു. കൊവിഡ് പ്രതിസന്ധി മൂലമാണ് അദ്ദേഹത്തിന് വരാൻ കഴിയാതിരുന്നതെന്നും, വീഡിയോ വഴി അദ്ദേഹം ചടങ്ങ് വീക്ഷിച്ചെന്നും മോഹൻ ഭാഗവത് പറഞ്ഞു. ''മൂന്ന് പതിറ്റാണ്ട് നീണ്ട പോരാട്ടമായിരുന്നു ഇത്. നിരവധി പേർക്ക് ജീവൻ നഷ്ടമായി. നീണ്ട പോരാട്ടം വിജയം കണ്ടെ''ന്നും മോഹൻ ഭാഗവത്. എല്ലാ ഭാരതീയരും കാത്തിരുന്ന നിമിഷമാണിതെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.

Read more at: 'കാത്തിരിപ്പ് സഫലം, ചരിത്രനിമിഷം', അയോധ്യ ഭൂമിപൂജയെക്കുറിച്ച് അദ്വാനി

വെള്ളിശില പാകി, എട്ട് ഉപശിലകളും

ഉച്ചയ്ക്ക് 12.40-നായിരുന്നു അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഭൂമി പൂജയുടെ മുഹൂർത്തം. നേരത്തേ നിശ്ചയിച്ചിരുന്നത് പോലെത്തന്നെ 11 മണിയോടെ ലഖ്നൗവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. 11.30-യോടെ യോഗി ആദിത്യനാഥിനൊപ്പം ഹനുമാൻഗഡി അമ്പലത്തിലെത്തി പൂജ നടത്തിയ മോദി, അതിന് ശേഷം രാമജന്മഭൂമിയിലേക്ക് എത്തി. 12.40-ന് തന്നെ ഭൂമി പൂജയുടെ ചടങ്ങുകൾ തുടങ്ങി. വെള്ളി ശില പാകിയുള്ള പൂജയിൽ മോദിയും പങ്കെടുത്തു. ഒന്നരമണിക്കൂർ നീണ്ട ചടങ്ങുകൾക്കൊടുവിൽ രണ്ടേകാലോടെ അയോധ്യയിൽ നിന്ന് മോദി മടങ്ങുകയും ചെയ്തു. 

എങ്ങനെയാകും രാമക്ഷേത്രം?

ലോകത്തെ മൂന്നാമത്തെ വലിയ ക്ഷേത്ര സമുച്ചയമാകും അയോധ്യയിൽ ഉയരുക. 2023 പകുതിയോടെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാകും. അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ പ്രധാന പ്രചാരണായുധവും അയോധ്യയിലെ രാമക്ഷേത്രം തന്നെയാകും എന്നതിനാൽക്കൂടി, രാജ്യത്തിന്‍റെ രാഷ്ട്രീയചരിത്രത്തിലെ പുതിയ അധ്യായമാകുമിത്. 1992 ഡിസംബർ ആറിനാണ് രാജ്യത്തിന്‍റെ മതേതരവ്യവസ്ഥയ്ക്ക് തന്നെ കനത്ത ആഘാതമേൽപിച്ചുകൊണ്ട് ബാബ്‍രി മസ്‍ജിദ് കർസേവകർ ആക്രമിച്ച് തകർത്തത്. 

Read more at: ''ബാബ്‍രി മസ്‍ജിദ് ഇന്നലെ ഉണ്ടായിരുന്നു, ഇന്നുമുണ്ട്, നാളെയുമുണ്ടാകും'', മുസ്ലിം വ്യക്തി നിയമബോർഡ്

എണ്‍പത്തിനാലായിരം ചതുരശ്രഅടി വിസ്തീര്‍ണ്ണമാണ് ക്ഷേത്രത്തിനുണ്ടാകുക. 161 അടി ഉയരം. മൂന്ന് നിലകളിലായി അഞ്ച് താഴികക്കുടങ്ങള്‍. നാഗര ശൈലിയിലാണ് അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നത്. നേരത്തെ നിശ്ചയിച്ചതിലും ഇരട്ടിയധികം വലുപ്പം ക്ഷേത്രത്തിന് ഉണ്ടാകും. രണ്ട് താഴികക്കുടങ്ങളുമായി 128 അടി ഉയരമുള്ള ക്ഷേത്രമായിരുന്നു നേരത്തെ വിഭാവനം ചെയ്തിരുന്നത്. 

ഈ ക്ഷേത്രം പൂര്‍ണ്ണതോതില്‍ യാഥാര്‍ത്ഥ്യമാകാന്‍ 120 ഏക്കര്‍ ഭൂമി വേണ്ടി വരും. അങ്ങനെയെങ്കിൽ ലോകത്തെ മൂന്നാമത്തെ വലിയ ക്ഷേത്രമായി രാമക്ഷേത്രം മാറുമെന്നാണ് വിലയിരുത്തല്‍. 401 ഏക്കറിലുള്ള കമ്പോഡിയയിലെ അങ്കോര്‍വത് ക്ഷേത്ര സമുച്ചയവും, 155 ഏക്കറിലുള്ള തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥ ക്ഷേത്രവുമാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. 

പ്രശസ്ത വാസ്തുശില്‍പിയായ ചന്ദ്രകാന്ത് സോംപുരയാണ് ക്ഷേത്രം രൂപകല്‍പന ചെയ്തത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്ഷേത്രത്തിന്‍റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാകും. ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ 10 വര്‍ഷമെങ്കിലും വേണ്ടിവരും. അങ്ങനെ കാലങ്ങളായുള്ള ബിജെപിയുടെ തെര‍ഞ്ഞെടുപ്പ് വാഗ്ദാനമാണ് പൂര്‍ത്തിയാകുന്നത് എന്ന് ചുരുക്കം.