ദില്ലി: അയോധ്യ കേസ് വിധി പറയാൻ മാറ്റിവച്ച സാഹചര്യത്തിൽ തുടർ നടപടികൾ ആലോചിക്കാൻ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാർ ഇന്ന് യോഗം ചേരും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിലാകും യോഗം. അയോധ്യ പ്രശ്നത്തിലെ മധ്യസ്ഥ ചർച്ചകൾ വിജയം കണ്ടെന്ന് റിട്ട ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടും ജഡ്ജിമാർ പരിശോധിക്കും.

നവംബർ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് രഞ്ജൻ ഗൊഗോയി വിരമിക്കും. ആയിരക്കണക്കിന് രേഖകളുള്ള കേസിൽ അതിന് മുമ്പ് വിധി പറയുക എന്ന വലിയ ദൗത്യമാണ് ജഡ്ജിമാർക്കുള്ളത്. ഒപ്പം മധ്യസ്ഥ ചർച്ചയിലുണ്ടായ പുരോഗതിയും പ്രധാന വിഷയമാണ്. ഇക്കാര്യങ്ങളിൽ എന്ത് തീരുമാനങ്ങളിലേക്ക് പോകണം എന്നതിൽ ജഡ്ജിമാർക്കിടയിൽ ഇന്ന് കൂടിയാലോചന നടക്കും.

40 ദിവസത്തെ തുടർച്ചയായ വാദത്തിനൊടുവിലാണ് അയോധ്യ കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റിവച്ചത്. ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കണമെന്ന് സുന്നി വഖഫ് ബോര്‍ഡും ചരിത്രപരമായ പിഴവ് തിരുത്തണമെന്ന് ഹിന്ദു സംഘടനകളും വാദിച്ചു. വാദത്തിനിടെ, രാമജന്മഭൂമി ഏതെന്ന് കാണിക്കാൻ ഹിന്ദു മഹാസഭ ജഡ്ജിമാര്‍ക്ക് നൽകിയ അയോധ്യയുടെ ഭൂപടം വഖഫ് ബോര്‍ഡിന്‍റെ അഭിഭാഷകൻ രാജീവ് ധവാൻ കോടതി മുറിയിൽ കീറിയെറിഞ്ഞത് വിവാദമായി.

Read More:അയോധ്യ കേസില്‍ വാദം പൂര്‍ത്തിയായി: നവംബര്‍ എട്ടിനകം വിധി പറഞ്ഞേക്കും

ഇത്തരം രേഖകൾ സ്വീകരിക്കരുതെന്നും കീറികളയണമെന്നും രാജീവ് ധവാൻ കോടതിയിൽ ആവശ്യപ്പെട്ടു. ധവാന് വേണമെങ്കിൽ അത് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതിന് പിന്നാലെ ഭൂപടം അദ്ദേഹം കോടതിമുറിയിൽ വച്ചുതന്നെ വലിച്ചുകീറുകയായിരുന്നു. ഇത് വിവാദമായതോടെ തന്‍റെ അനുമതിയോടെയാണ് ധവാൻ ഭൂപടം കീറിയതെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.

അതേസമയം, അയോധ്യ ഒരു തൊഴിലിടമല്ല, അത് രാമന്‍റെ ജന്മഭൂമിയാണ്. ചരിത്രപരമായ തെളിവുകൾ അത് ശരിവയ്ക്കുന്നത് കോടതി തള്ളിക്കളയാനാകില്ലെന്ന് രാംലല്ലയുടെ അഭിഭാഷകൻ സി എസ് വൈദ്യനാഥൻ അവസാന ദിവസം വാദിച്ചു. തര്‍ക്കഭൂമിയിൽ അവകാശവാദം ഉന്നയിക്കാനുള്ള ഒരു രേഖയും 1856 മുമ്പ് വരെ മുസ്ലീങ്ങളുടെ പക്കൽ ഉണ്ടായിരുന്നില്ലെന്ന് ഹിന്ദു സംഘടനകൾക്ക് വേണ്ടി ഹാജരായ പി എൻ മിശ്രയും ചൂണ്ടിക്കാട്ടി.

ബാബറിന്‍റെ കാലത്തും ബ്രിട്ടീഷ് കാലത്തുമൊക്കെ കിട്ടികൊണ്ടിരുന്ന ഗ്രാന്‍റ് മസ്ജിദിന്‍റെ അവകാശം ശരിവയ്ക്കുന്നതാണെന്ന് സുന്നി വഖഫ് ബോര്‍ഡ് മറുപടി നൽകി. തര്‍ക്കഭൂമിയിൽ എന്തെങ്കിലും നിര്‍മ്മാണം നടത്താനുള്ള അവകാശം മുസ്ലീങ്ങൾക്ക് മാത്രമാണെന്നും ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കണമെന്നും രാജീവ് ധവാൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ അണുഇട വിട്ടുകൊടുക്കാതെയുള്ള വാദങ്ങളാണ് എല്ലാ കക്ഷികളും അവസാന ദിവസും നടത്തിയത്.

Read More:രാമജന്മഭൂമിയുടേത് എന്ന് അവകാശപ്പെടുന്ന ഭൂപടം കീറിയെറിഞ്ഞ് വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാൻ 2010-ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്നലെ വാദം പൂര്‍ത്തിയാക്കിയത്. 14-ഓളം ഹര്‍ജികളാണ് അയോധ്യകേസില്‍ സുപ്രീം കോടതിയില്‍ എത്തിയത്. 2.77 ഏക്കര്‍ ഭൂമിയെ ചൊല്ലിയാണ് അടിസ്ഥാനപരമായി കേസ്. കേസ് ആദ്യം പരിഗണിച്ച അലഹബാദ് ഹൈക്കോടതി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാണ്ഡയ്ക്കും രാം ലല്ലയ്ക്കുമായി വീതിച്ചു നല്‍കിയാണ് വിധി പ്രസ്താവിച്ചത്.

പതിറ്റാണ്ടു കാലം നീണ്ടു നിന്ന കേസിനിടെ പലവട്ടം അയോധ്യ തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നെങ്കിലും അവയെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്. കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് അയോധ്യകേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. തുടര്‍ന്നങ്ങോട്ട് സുപ്രീംകോടതിയുടെ എല്ലാ പ്രവൃത്തിദിനങ്ങളിലും ഭരണഘടനാ ബെഞ്ച് ഈ കേസില്‍ വിധി കേട്ടു.

Read More:അയോധ്യ കേസില്‍ അസാധാരണ നടപടി: വാദം തീര്‍ന്ന കേസില്‍ വീണ്ടും കോടതി ചേരുന്നു

അയോധ്യയിലെ രാമക്ഷേത്രത്തിനായി 1989 വരെ ആരും അവകാശവാദം ഉന്നയിച്ചിരുന്നില്ലെന്നും 1992-ല്‍ തകര്‍ക്കപ്പെടുമ്പോള്‍ ഉണ്ടായിരുന്ന സ്ഥലത്ത് തന്നെ പള്ളി പുനസ്ഥാപിക്കാന്‍ അനുമതി തരണമെന്നുമായിരുന്നു കേസിലെ സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള കക്ഷികളുടെ വാദം. എന്നാല്‍ രാമജന്മഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടയിടത്ത് നേരത്തെ രാമക്ഷേത്രം സ്ഥിതി ചെയ്തിരുന്നുവെന്നുമാണ് എതിര്‍കക്ഷിയായ ഹിന്ദു മഹാസഭയും നിര്‍മോഹി അഖാഡയും വാദിക്കുന്നത്.