ദില്ലി: അയോധ്യ തര്‍ക്കവിഷയത്തില്‍ സുപ്രീം കോടതിയില്‍ വാദംകേള്‍ക്കല്‍ തുടങ്ങി. വാദം കേള്‍ക്കല്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യം കോടതി നിരാകരിച്ചു. 

ചീഫ് ജസ്റ്റിസ് ര‍ഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. നിര്‍മോഹി അഖാരയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എസ് കെ ജയിന്‍ വാദിക്കുകയാണ്. കഴിഞ്ഞ 100 വര്‍ഷമായി രാമക്ഷേത്രത്തിലെ ജോലികള്‍ ചെയ്യുന്നത് നിര്‍മോഹി അഖാരയാണെന്ന് അദ്ദേഹം പറഞ്ഞു. സീതാ രസോയിയും ഹനുമാന്‍ ക്ഷേത്രവും കൂടി ഉള്‍പ്പെടുന്ന അകത്തളത്തിലേക്ക് മാത്രം ഒതുങ്ങുന്നതാണ് തന്‍റെ വാദം. അത് നിര്‍മോഹി അഖാരയുടെ സ്വത്ത് ആണെന്നും എസ് കെ ജയിന്‍ വാദിച്ചു.

1932 മുതല്‍ മുസ്ലീങ്ങള്‍ക്ക് ക്ഷേത്രത്തിന്‍റെ ഗേറ്റ് കടക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. 1949ലാണ് നിര്‍മോഹി അഖാര സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തത്. അതിന് കീഴില്‍ നിരവധി ക്ഷേത്രങ്ങളുണ്ട്. റിസീവര്‍ ഭരണം മാറ്റി ആ സ്ഥലത്തിന്‍റെ കൈവശാവകാശവും നടത്തിപ്പ് ചുമതലയും ആരാധനയ്ക്കുള്ള അവകാശങ്ങളും നിര്‍മോഹി അഖാരയ്ക്ക് അനുവദിച്ചുകിട്ടണമെന്നും എസ് കെ ജയിന്‍ വാദിച്ചു. വാദത്തിനിടെ സുന്നി വഖഫ് ബോര്‍ഡിന്‍റെ അഭിഭാഷകൻ രാജീവ് ധവാൻ ഇടപെട്ടത് കോടതിയെ പ്രകോപിപ്പിച്ചു. കോടതി മുറിയിൽ മാന്യത കാത്തുസൂക്ഷിക്കണമെന്ന് രാജീവ് ധവാനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. 

അയോധ്യ രാം ജന്മഭൂമി - ബാബ്‍രി മസ്‍ജിദ് ത‍ർക്കം മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്നാണ് ദിവസം തോറും കേസിൽ വാദം കേട്ട്, പരമാവധി വേഗത്തിൽ വിധിപ്രസ്താവം നടത്താൻ സുപ്രീംകോടതി തീരുമാനിച്ചത്. അയോധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിച്ചുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാംലല്ല എന്നിവർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. 14 ഹർജികളാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. അയോദ്ധ്യയിലെ 2.27ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും നിർമ്മോഹി അഖാഡയ്ക്കും തുല്യമായി വിഭജിച്ച് നൽകണം എന്നായിരുന്നു 2010ൽ അലഹബാദ് ഹൈക്കോടതി വിധി. 

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ഏറ്റവും പഴക്കമേറിയ കേസുകളിലൊന്നാണ് ഇത്. നവംബർ 17നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നത്. അതിന് മുമ്പ് തന്നെ കേസിൽ വാദം കേട്ട് വിധി പറയാനാണ് ഭരണഘടനാ ബെഞ്ചിന്‍റെ ശ്രമമെന്നാണ് സൂചന.