Asianet News MalayalamAsianet News Malayalam

അയോധ്യ കേസിൽ പുനപരിശോധനാ ഹർജി നൽകേണ്ടെന്ന് സുന്നി വഖഫ് ബോർഡ് തീരുമാനം

  • തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയോട് കേസിലെ കക്ഷിയായ സുന്നി വഖഫ് ബോർഡിന് വിയോജിപ്പുണ്ടായിരുന്നു
  •  അയോധ്യയിൽ ഏറ്റവും അനുയോജ്യമായ അഞ്ചേക്കർ സ്ഥലം കേന്ദ്രസർക്കാരിൽ നിന്ന് വാങ്ങണോ എന്ന കാര്യത്തിൽ തീരുമാനം പിന്നീടായിരിക്കും
Ayodhya case Sunni waqf board wont file review petition in Supreme court of India
Author
Lucknow, First Published Nov 26, 2019, 3:00 PM IST

ലഖ്‌നൗ: അയോധ്യ കേസിൽ പുനപരിശോധനാ ഹർജി നൽകേണ്ടെന്ന് സുന്നി വഖഫ് ബോർഡിന്റെ തീരുമാനം. അതേസമയം പള്ളിക്കായി അയോധ്യയിൽ ഏറ്റവും അനുയോജ്യമായ അഞ്ചേക്കർ സ്ഥലം കേന്ദ്രസർക്കാരിൽ നിന്ന് വാങ്ങണോ എന്ന കാര്യത്തിൽ തീരുമാനം പിന്നീടായിരിക്കും.

തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയോട് കേസിലെ കക്ഷിയായ സുന്നി വഖഫ് ബോർഡിന് വിയോജിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ പുനപരിശോധനാ ഹർജി നൽകിയേക്കുമെന്നാണ് കരുതിയിരുന്നത്.

കേസിൽ പുനപരിശോധനാ ഹർജി നൽകാൻ മുസ്ലീം വ്യക്തിനിയമ ബോർഡ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പള്ളി നിർമ്മിക്കാനുള്ള അഞ്ചേക്കർ സ്വീകരിക്കേണ്ടെന്നും മുസ്ലീം വ്യക്തിനിയമ ബോർഡ് തീരുമാനിച്ചിരുന്നു. ലക്നൗവില്‍ നടന്ന ഈ യോഗത്തിൽ സുന്നി വഖഫ് ബോര്‍ഡ് ബഹിഷ്ക്കരിച്ചിരുന്നു.

തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വിട്ടു നല്‍കിയതിലാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്‍റെ പ്രതിഷേധം.  നീതി കിട്ടിയില്ലെന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് അഭിപ്രായം. വിധിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും ബോർഡ് അഭിപ്രായപ്പെട്ടു. പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതും, പള്ളി തകര്‍ത്തതും ക്രിമിനല്‍ കുറ്റമായി കണ്ട കോടതിയുടെ നിലപാടില്‍ ശരികേടുണ്ടെന്നാണ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍. 

വിധിയിലൂടെ നീതി കിട്ടിയില്ലെന്ന മുസ്ലീം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിനും അഭിപ്രായമുണ്ടെന്നും ബോര്‍ഡ് വാദിക്കുന്നു. അതിനാല്‍ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്നാണ് ഭൂരിപക്ഷാഭിപ്രായം. എന്നാല്‍, കേസില്‍ ഇനി നിയമ പോരാട്ടം വേണ്ടെന്ന നിലപാടാണ് സുന്നി വഖഫ് ബോര്‍ഡിനുള്ളത്. പുനപരിശോധന ഹര്‍ജി നല്‍കേണ്ടെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്‍റെയും കേസിലെ പ്രധാന കക്ഷികളിലൊരാളായ ഇക്ബാര്‍ അന്‍സാരിയുടെയും നിലപാട്.

Follow Us:
Download App:
  • android
  • ios