ദില്ലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് നാളെ തുടക്കമാകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ക്ഷേത്രനഗരിയുടെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തു. കൊവിഡിന്‍റെ പിടിയിലാണെങ്കിലും നഗരം ഭൂമി പൂജക്കായി ഒരുങ്ങിക്കഴിഞ്ഞു. നാളെ പതിനൊന്ന് മണിയോടെ ക്ഷേത്രനഗരിയിലെത്തുന്ന പ്രധാനമന്ത്രി ആദ്യം ഹനുമാന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തും. പത്ത് മിനിട്ട് നേരം അവിടെ ചെലവഴിക്കും. തുടര്‍ന്ന് പതിനൊന്നരയോടെ ഒരു മണിക്കൂര്‍ നീളുന്ന ഭൂമിപൂജ. ഭൂമി പൂജക്ക് ശേഷം ക്ഷേത്ര മുറ്റത്ത് പ്രധാനമന്ത്രി പാരിജാത തൈ നടും.

ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കം 5 പേരേ പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടാകൂ. 150 ക്ഷണിതാക്കളില്‍ 133 പേരും സന്യാസിമാരാണ്. ഇവര്‍ക്കൊപ്പം ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാര്‍, സഫര്‍ ഫറൂക്കിയും, കേസിലെ പ്രധാനഹര്‍ജിക്കാരനായ ഇക്ബാല്‍ അന്‍സാരിയും ചടങ്ങിന് സാക്ഷിയാകും. 

അതേ സമയം കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ചടങ്ങ് നടത്തുന്നതിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. രണ്ട് സഹപൂജാരിമാര്‍ക്കും സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന 16 പോലീസുകാര്‍ക്കും ഇതിനോടകം കൊവിഡ് ബാധിച്ചു. എന്നാല്‍ 2022 വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും, 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രധാന തുറുപ്പ് ചീട്ട്
രാമക്ഷേത്രമാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് പൂര്‍ത്തിയാകണമെങ്കില്‍ നിര്‍മ്മാണം ഇപ്പോഴേ തുടങ്ങേണ്ടതുണ്ട്. 

ക്ഷേത്രനിര്‍മ്മാണം കേന്ദ്ര,സംസ്ഥാനസര്‍ക്കാരുകള്‍ ഏറ്റെടുത്തതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ഇടത് പാര്‍ട്ടികള്‍ സുപ്രീംകോടതി വിധി ലംഘിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി. ക്ഷേത്ര ട്രസ്റ്റിനെ മറികടന്ന് സര്‍ക്കാരുകള്‍ ഇടപടുന്നതിനെയാണ് സിപിഎമ്മും സിപിഐയും വിമര്‍ശിക്കുന്നത്.