ലഖ്നൗ: അയോധ്യ രാമക്ഷേത്രനിർമ്മാണത്തിനു മുന്നോടിയായുള്ള ഭൂമിപൂജയിൽ പങ്കെടുക്കാൻ ബിജെപി നേതാക്കളായ എൽ കെ അദ്വാനിയെയും മുരളീമനോഹർ ജോഷിയെയും ക്ഷണിക്കാതിരുന്നതിൽ വിശദീകരണവുമായി രാംജന്മഭൂമി ട്രസ്റ്റ്. എല്ലാവരേയും ഫോണിൽ വിളിച്ച് സൗകര്യം ആരാഞ്ഞശേഷമാണ് അതിഥികളുടെ പട്ടിക തയ്യാറാക്കിയത്. കൊവിഡിന്റെ സാഹചര്യത്തിൽ അയോധ്യയിൽ എത്തുന്നതിലെ ബുദ്ധിമുട്ട് നേതാക്കൾ അറിയിച്ചു. തൊണ്ണൂറ് വയസ് കഴിഞ്ഞവർക്ക് എങ്ങനെ പങ്കെടുക്കാനാകുമെന്നും ട്രസ്റ്റ്  ജനറൽ സെക്രട്ടറി ചമ്പത് റായ് പ്രതികരിച്ചു.

നാളെയാണ് ഭൂമി പൂജ. 175 പേർ ചടങ്ങിൽ പങ്കെടുക്കും.ഇതിൽ 135 പേർ സന്യാസിമാരായിരിക്കുമെന്ന് ട്രസ്റ്റ്  ജനറൽ സെക്രട്ടറി പറഞ്ഞു.  പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നാല് വിശിഷ്ടാതിഥികൾ കൂടി ചടങ്ങിനോടനുബന്ധിച്ച വേദിയിലുണ്ടാകും. ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്, ഉത്തർപ്രദേശ് ​ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, രാംജന്മഭൂമി ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ​ഗോപാൽദാസ് എന്നിവരുടെ പേരുകളാണ് ക്ഷണപത്രികയിലുള്ളത്. 

അതേസമയം രാമ ക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരി എം പി ട്വീറ്റ് ചെയ്തു. എല്ലാ വൈഷ്ണവർക്കും അഭിനന്ദനങ്ങളെന്ന് മനീഷ് തിവാരി പറഞ്ഞു. ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിലൂടെയാണ്  മനീഷ് തിവാരി അഭിനന്ദനം അറിയിച്ചത്. ദേശീയ ഐക്യവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നതാവട്ടെ ചടങ്ങെന്ന് കോൺ​ഗ്രസ് നേതാവ് പ്രിയങ്കാ ​ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഭൂമി പൂജയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാടെന്താകുമെന്ന ചോദ്യങ്ങള്‍ക്കിടെയാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍‍റെ ചുമതലയുള്ള പ്രിയങ്കഗാന്ധി ആശംസയുമായെത്തിയത്. ശ്രീരാമന്‍ എല്ലാവരുടേതുമാണെന്നും ത്യാഗം,ധൈര്യം, തുടങ്ങിയ ഗുണങ്ങള്‍ രാമന്‍റെ പ്രതീകങ്ങളാണെന്നും  പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. 

Read Also: 'ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതാകട്ടെ', അയോധ്യാ ഭൂമിപൂജയ്ക്ക് ആശംസയുമായി പ്രിയങ്കഗാന്ധിയും...