യോഗി ആദിത്യനാഥിനായി യുപിയില്‍ ക്ഷേത്രം നിര്‍മിച്ച് ആരാധകൻ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായി അയോധ്യയിലെ ഭരത്കുണ്ഡിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.
ലക്ക്നൌ: യോഗി ആദിത്യനാഥിനായി യുപിയില്‍ ക്ഷേത്രം നിര്‍മിച്ച് ആരാധകൻ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായി അയോധ്യയിലെ ഭരത്കുണ്ഡിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. അമ്പും വില്ലുമേന്തിയ യുപി മുഖ്യമന്ത്രിയെ ശ്രീരാമന്‍റെ അവതാരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. രാവിലെയും വൈകിട്ടും പൂജയും പിന്നാലെ പ്രസാദ വിതരണവും ക്ഷേത്രത്തിലുണ്ട്. പ്രദേശവാസിയായ പ്രഭാകർ മൗര്യയെന്ന ആളാണ് യുപി മുഖ്യമന്ത്രിക്കായി ക്ഷേത്രം നിർമിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നയാളെ ആരാധിക്കുമെന്ന് 2015 ല്‍ എടുത്ത ശപഥത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിർമിച്ചതെന്ന് പ്രഭാകര്‍ മൗര്യ പറയുന്നു.
അമ്പും വില്ലുമേന്തി നിൽക്കുന്ന യോഗിയുടെ പ്രതിമയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിർമിച്ച ക്ഷേത്രത്തിനകത്ത് പ്രഭാകർ ദീപാരാധന നടത്തുന്നതും പ്രസാദ വിതരണം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ക്ഷേത്രം നിര്‍മിക്കാൻ എട്ടര ലക്ഷം രൂപ ചെലവ് വന്നു. യോഗിയുടെ ശില്‍പം രാജസ്ഥാനില്‍ നിര്‍മിച്ച് ക്ഷേത്രത്തില്‍ സ്ഥാപിക്കുകയായിരുന്നു. യോഗി ആദിത്യനാഥിന്റെ വിഗ്രഹത്തിന് മുന്നിൽ ശ്രീരാമന് ചെയ്യുന്നതുപോലെ താൻ ദിവസവും സ്തുതിഗീതങ്ങൾ പാരായണം ചെയ്യാറുണ്ടെന്ന് മൗര്യ പറഞ്ഞു.
Read more: യോഗി സര്‍ക്കാറിനെ വിറപ്പിച്ച് അഖിലേഷിന്‍റെ കൂറ്റന്‍ റാലി; വന്‍സുരക്ഷാ സന്നാഹവുമായി പൊലീസ്

ഏറെ വികസന പ്രവർത്തനങ്ങൾ നടത്തിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി കഴിഞ്ഞ വർഷം പൂനെയിൽ ബിജെപി പ്രവർത്തകൻ ക്ഷേത്രം പണിതിരുന്നു. അതുപോലെ അയോധ്യയിൽ രാമക്ഷേത്രം പണിത ഒരാൾക്ക് ഒരു ആരാധനാലയം ഉണ്ടായിരിക്കണം, അതിനാൽ ഈ ക്ഷേത്രം എന്റെ സ്വന്തം സ്ഥലത്ത് നിർമ്മിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു എന്നുമായിരുന്നു മൌര്യയുടെ വാക്കുകൾ.
എന്നാല്‍ ക്ഷേത്രം നിർമിച്ചത് വാർത്തയായതോടെ വിമർശനവും വന്നു. സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് ക്ഷേത്ര നിര്‍മിച്ചത് ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്. എന്നാല്‍ ക്ഷേത്രത്തെ കുറിച്ച് ബിജെപിയോ യോഗി ആദിത്യനാഥോ ഇത് വരെ പ്രതികരിച്ചിട്ടില്ല. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ക്ഷേത്രം നിര്‍മിച്ചതും വാര്‍ത്തായായിരുന്നു.
