പാരിസ്: അയോധ്യ വിധിയെ തുടര്‍ന്ന് പാകിസ്ഥാന്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ഇന്ത്യ. പാരീസില്‍ നടന്ന യുനെസ്കോ യോഗത്തിലാണ് ഇന്ത്യയുടെ മറുപടി. അപക്വവും അസത്യവുമായ പരാമര്‍ശങ്ങള്‍ കൊണ്ട് പാകിസ്ഥാന്‍ നിരന്തരമായി ഇന്ത്യയെ അപമാനിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു. മറ്റൊരു രാജ്യത്തിന്‍റെ ആഭ്യന്തര വിഷയങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടുകയാണെന്നും ഇന്ത്യ ആരോപിച്ചു. എല്ലാ വിശ്വാസങ്ങള്‍ തുല്യ ബഹുമാനം നല്‍കിയ വിധി പാകിസ്ഥാനിലെ കാഴ്ചപാടിന് വിരുദ്ധമാണ്. അനാവശ്യമായ പരാമര്‍ശമാണ് പാകിസ്ഥാന്‍ നടത്തുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി. 

വേള്‍ഡ് ട്രേഡ് സെന്‍റര്‍, മുംബൈ ആക്രമണത്തിലെ ഭീകരര്‍ എവിടെ നിന്നായിരുന്നു. ഒസാമ ബിന്‍ ലാദനെയും മുല്ല ഒമറിനെയും എവിടെനിന്നാണ് കണ്ടെത്തിയത്. ഹിസ്ബുല്‍ മുജാഹിദ്ദാന്‍, ജമാഅത്ത് ഉദ് ദവ, ലഷ്കര്‍ ഇ ത്വയ്ബ തുടങ്ങിയ സംഘടനകള്‍ എവിടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യന്‍ വക്താവ് ചോദിച്ചു. മറ്റൊരു ഭാഷ സംസാരിക്കുന്നതിനാല്‍ ലക്ഷങ്ങളെ കൊന്നുതള്ളിയ രാജ്യമാണ് പാകിസ്ഥാനെന്നും ഇന്ത്യ ആരോപിച്ചു. യുനെസ്കോ ജനറല്‍ കോണ്‍ഫറന്‍സ്-ജനറല്‍ പോളിസി യോഗത്തിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ രംഗത്തെത്തിയത്.