ദില്ലി: അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ മുസ്ലീം വ്യക്തിനിയമ ബോർഡ് പുനഃപരിശോധന ഹര്‍ജി നൽകും. പള്ളി നിർമ്മിക്കാനുള്ള അഞ്ചേക്കർ സ്വീകരിക്കേണ്ടെന്നും മുസ്ലീം വ്യക്തിനിയമ ബോർഡ് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ലക്നൗവില്‍ നടക്കുന്ന നിര്‍ണ്ണായക യോഗം സുന്നി വഖഫ് ബോര്‍ഡ് ബഹിഷ്ക്കരിച്ചു.

2.27 ഏക്കര്‍ തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വിട്ടു നല്‍കിയതിലാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്‍റെ പ്രതിഷേധം. വിധിയിലൂടെ നീതി കിട്ടിയില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ് അഭിപ്രായപ്പെട്ടു. ബാബറി മസ്ജിദ് തകർത്തത് ഭരണഘടനാവിരുദ്ധമെന്നും ഒരു ക്ഷേത്രവും മസ്ജിദിനായി തകർത്തിട്ടില്ലെന്നും സുപ്രീംകോടതി കണ്ടെത്തിയെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ് വാദിച്ചു. 

വിധിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും ബോർഡ് അഭിപ്രായപ്പെട്ടു. പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതും, പള്ളി തകര്‍ത്തതും ക്രിമിനല്‍ കുറ്റമായി കണ്ട കോടതിയുടെ നിലപാടില്‍ ശരികേടുണ്ടെന്നാണ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍. വിധിയിലൂടെ നീതി കിട്ടിയില്ലെന്ന മുസ്ലീം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിനും അഭിപ്രായമുണ്ടെന്നും ബോര്‍ഡ് വാദിക്കുന്നു. അതിനാല്‍ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്നാണ് ഭൂരിപക്ഷാഭിപ്രായം.

എന്നാല്‍, കേസില്‍ ഇനി നിയമ പോരാട്ടം വേണ്ടെന്ന നിലപാടാണ് സുന്നി വഖഫ് ബോര്‍ഡിനുള്ളത്. പുനപരിശോധന ഹര്‍ജി നല്‍കേണ്ടെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്‍റെയും കേസിലെ പ്രധാന കക്ഷികളിലൊരാളായ ഇക്ബാര്‍ അന്‍സാരിയുടെയും നിലപാട്. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷനും ഹര്‍ജിക്കാരൻ ഇഖ്ബാൽ അന്‍സാരിയും നിരസിച്ചത് ശ്രദ്ധേയമായി.