ദില്ലി: ഹാഥ്റസ് പെണ്‍കുട്ടിയുടെ അസ്ഥികൾ ഡിഎൻഎ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങൾ രംഗത്ത്. പൊലീസ് വലയം ഭേദിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ഇന്ന് പെണ്‍കുട്ടിയുടെ വീട്ടിലത്തി. ഇന്നലെ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധിയെ പിടിച്ചുവലിക്കാൻ ശ്രമിച്ചതിന് നോയ‌്ഡ പൊലീസ് മാപ്പുപറഞ്ഞു.  ബലാൽസംഗം നടന്നിട്ടില്ലെന്ന വാദവുമായി ഇതിനിടെ ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവ് രംഗത്തെത്തി.

വിഷയത്തിൽ ഹാഥ്റസിൽ പ്രതിഷേധം തുടരുകയാണ്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ ആര്‍എൽഡി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ഇന്ന് ലാത്തിച്ചാര്‍ജ് നടത്തിയത്. പലയിടത്തും തടഞ്ഞെങ്കിലും പൊലീസ് വലയം ഭേദിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഫൂൽഗഡി ഗ്രാമത്തിലെത്തി. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ട ആസാദ്, എസ്ഐടി, സിബിഐ അന്വേഷണങ്ങളല്ല സുപ്രീംകോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം തന്നെ വേണമെന്ന് ആവശ്യപ്പെട്ടു. സിബിഐയെ പ്രതിപക്ഷത്തെ വിരട്ടാനാണ് ഇപ്പോൾ കേന്ദ്രം ഉപയോഗിക്കുന്നത്. അതിന്‍റെ താക്കോൽ ആരുടെ കയ്യിലാണെന്ന് എല്ലാവര്‍ക്കും അറിയാം. പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ദഹിപ്പിച്ചത് മകളുടെ ശരീരമാണെന്ന് കരുതുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്. ഡിഎൻഎ പരിശോധന വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. യുപി സര്‍ക്കാര്‍ നിയോഗിച്ച എസ്ഐടി സംഘം ഇന്നും പെണ്‍കുട്ടിയുടെ വീട്ടിലെത്തി പരാതികൾ കേട്ടു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ എന്തിന് എസ്ഐടി അന്വേഷണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചോദിച്ചു. ഹാഥ്റസിലേക്ക് പോകുന്നതിനിടെ ഇന്നലെയുണ്ടായ സംഘര്‍ഷത്തിൽ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രിയങ്ക ഗാന്ധിയെ പിടിച്ചുവലിക്കാൻ ശ്രമിച്ചിരുന്നു. നോയിഡ പൊലീസ് ഈ സംഭവത്തിൽ മാപ്പുപറഞ്ഞു. ഇതിനിടെ കേസിലെ പ്രതികളെ ന്യായീകരിച്ച് ഹാഥ്റസിലെ ഠാക്കൂര്‍ സമുദായാംഗങ്ങൾ പ്രതിഷേധ ധര്‍ണ്ണ നടത്തി.

എന്നാൽ വിഷയത്തിൽ പരക്കുന്നത് കള്ളക്കഥയാണ് മുൻ ഹാഥ്റസ് എംഎൽഎയും ബിജെപി നേതാവുമായ രാജീവ് സിംഗ് പഹൽവാൻ ആരോപിച്ചു. ചാനലുകൾ പറയുന്നത് കള്ളമാണ്. ആരും പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.  പെണ്‍കുട്ടിക്ക് നേരെ ബലപ്രയോഗം നടന്നതിന് തെളിവുണ്ടെന്ന് കുട്ടിയെ ചികിത്സിച്ച അലിഗഡ് മെഡിക്കൽ കോളേജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കൂട്ടബലാൽസംഗം നടന്നിട്ടുണ്ടോ എന്നതിന് കൂടുതൽ പരിശോധനയ്ക്ക് നിർദ്ദേശിച്ചിരുന്നുവെന്നും  ഡോക്ടര്‍മാര്‍ പറഞ്ഞു.