തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീർ മുർഷിദാബാദിൽ 'ബാബറി മസ്ജിദ്' നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു. ഡിസംബർ 6-ന് തറക്കല്ലിടുമെന്ന പ്രഖ്യാപനം ബംഗാളിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
കൊൽക്കത്ത മുർഷിദാബാദിൽ 'ബാബറി മസ്ജിദ്' നിർമ്മിക്കുമെന്നും ഡിസംബർ 6 ന് തറക്കല്ലിടൽ ചടങ്ങ് നടക്കുമെന്നും തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീർ. ഡിസംബർ 6 ന് മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ ബാബറി മസ്ജിദിന്റെ തറക്കല്ലിടൽ ചടങ്ങ് നടക്കും. നിർമാണം പൂർത്തിയാകാൻ മൂന്ന് വർഷമെടുക്കും. വിവിധ മുസ്ലീം നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 1992 ഡിസംബർ 6 ന് വലതുസംഘടനകളുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റിയ അയോധ്യയിലെ ബാബറി മസ്ജിദിന്റെ പോസ്റ്ററുകൾ ജില്ലയിലുടനീളം പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ എംഎൽഎക്കെതിരെ ബിജെപി രംഗത്തെത്തി.
ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ രൂക്ഷമായി വിമർശിച്ചു. എംഎൽഎയുടെ പ്രഖ്യാപനം വോട്ടുകൾക്ക് വേണ്ടിയുള്ള പ്രീണന രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് ബിജെപി വക്താവ് വിശേഷിപ്പിച്ചു. സീത, ദുർഗ്ഗ, കാളി തുടങ്ങിയ ഹിന്ദു ദേവതകളെ തൃണമൂൽ കോൺഗ്രസ് അപമാനിച്ചുവെന്നും വോട്ടുകൾ ഏകീകരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ബിജെപി നേതാവ് ആരോപിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി, വഖഫ്, സിഎഎ, എസ്‌ഐആർ എന്നിവയ്‌ക്കെതിരെ പ്രകോപനം സൃഷ്ടിക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് ഒരു പള്ളി പണിയുകയല്ല, മറിച്ച് പശ്ചിമ ബംഗാളിൽ ഒരു ബംഗ്ലാദേശിന് തറക്കല്ലിടുകയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും വിമർശിച്ചു. ബംഗ്ലാദേശികളുടെയും റോഹിംഗ്യകളുടെയും പിന്തുണയിലാണ് മമത ബാനർജിയും ടിഎംസി സർക്കാരും പ്രവർത്തിക്കുന്നതെന്ന് ബംഗാളിലെ ഹിന്ദുക്കൾ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കബീറിന്റെ പ്രസ്താവനകളോട് തൃണമൂൽ കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
