ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ അഗസ്ത്യക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ബന്ധുക്കള്‍ ഡോക്ടറെ വിവരം അറിയിക്കാന്‍ ആശുപത്രി ജീവനക്കാരോട് പറഞ്ഞുവെങ്കിലും നൈറ്റ് ഡ്യൂട്ടിക്ക് ഡോക്ടന്മാര്‍ ഇല്ലെന്നായിരുന്നു ഇവരുടെ മറുപടി. 

ചെന്നൈ: വൈദ്യ സഹായം ലഭിക്കാത്തതിനെ തുടർന്ന് രാത്രിമുഴുവൻ പ്രസവവേദന അനുഭവപ്പെട്ട യുവതിയുടെ കുഞ്ഞ് ഗര്‍ഭപാത്രത്തിൽ മരിച്ചു. തമിഴ്നാട്ടിലെ ചെങ്കല്‍പട്ടുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണമായ സംഭവം. ഡോക്ടറുടെ അഭാവത്തിൽ തുറൈയ്പക്കത്തിലെ കണ്ണാങ്കിനഗര്‍ സ്വദേശികളായ ഗോപിനാഥ്, അഗസ്ത്യ എന്നീ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

അഗസ്ത്യയ്ക്ക് പ്രസവ തീയതി മാര്‍ച്ച് ഒന്നിനാണ് ഡോക്ടർന്മാർ കുറിച്ചിരുന്നതെങ്കിലും, ഫെബ്രുവരി 27ന് ശാരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്ന് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ അഗസ്ത്യക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ബന്ധുക്കള്‍ ഡോക്ടറെ വിവരം അറിയിക്കാന്‍ ആശുപത്രി ജീവനക്കാരോട് പറഞ്ഞുവെങ്കിലും നൈറ്റ് ഡ്യൂട്ടിക്ക് ഡോക്ടര്‍ ഇല്ലെന്നായിരുന്നു ഇവരുടെ മറുപടി. 

ഇതോടെ രാത്രി മുഴുവനും അഗസ്ത്യ പ്രസവവേദന കൊണ്ട് പുളയുകയായിരുന്നു. പിറ്റേദിവസം രാവിലെ ഏഴ് മണിക്ക് ഡോക്ടര്‍ എത്തി യുവതിക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ മരിച്ചു കഴിഞ്ഞിരുന്നു.

രാത്രി മുഴുവന്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിക്കാനിടയായതെന്ന് ഡോക്ടര്‍ അറിയിച്ചു. യുവതിയുടെ ഗര്‍ഭപാത്രം ബലഹീനമായതോടെ അരമണിക്കൂർ കഴിഞ്ഞാണ് കുഞ്ഞിനെ പുറത്തെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് അ​ഗസ്ത്യയുടെ ബന്ധുക്കൾ ആശുപത്രി ജീവനക്കാരെ താല്ക്കാലികമായി തടഞ്ഞുവച്ചു.