Asianet News MalayalamAsianet News Malayalam

4 വയസുകാരികൾ സ്കൂളിൽ പീഡനത്തിനിരയായ സംഭവം; 24കാരന്റെ വീട് അടിച്ച് തകർത്ത് കുടുംബത്തെ ആക്രമിച്ച് ആൾക്കൂട്ടം

പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ആൾക്കൂട്ടം യുവാവിന്റെ രക്ഷിതാക്കളും മുതിർന്ന സഹോദരനേയും ഈ വീട്ടിലേക്ക് കയറാൻ പോലും അനുവദിക്കാതെ വന്നതോടെ ഇവർക്ക് ഇവിടം വിട്ട് പോകേണ്ടി വരികയായിരുന്നു

Badlapur sexual assault mob attack on accused family vandalize house  family flees
Author
First Published Aug 22, 2024, 2:55 PM IST | Last Updated Aug 22, 2024, 2:55 PM IST

മുംബൈ: മഹാരാഷ്ട്രയിലെ ബദ്‌ലാപുരിൽ നാല് വയസുള്ള രണ്ട് പെണ്‍കുട്ടികളെ സ്കൂളിലെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ കുറ്റാരോപിതനായ 24കാരന്റെ വീട് അടിച്ച് തകർത്ത് കുടുംബത്തെ ആക്രമിച്ച് ആൾക്കൂട്ടം. ബദ്‌ലാപൂർ റെയിൽവേ സ്റ്റേഷൻ ആയിരങ്ങൾ വളഞ്ഞതിന് പിന്നാലെയാണ് സംഭവം. അക്ഷയ് ഷിൻഡെ എന്ന യുവാവിന്റെ വീട്ടിലേക്കെത്തിയ ആൾക്കൂട്ടം വീട് അടിച്ച് തകർക്കുകയും വീട്ടുകാരെ ആക്രമിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ആൾക്കൂട്ടം യുവാവിന്റെ രക്ഷിതാക്കളും മുതിർന്ന സഹോദരനേയും ഈ വീട്ടിലേക്ക് കയറാൻ പോലും അനുവദിക്കാതെ വന്നതോടെ ഇവർക്ക് ഇവിടം വിട്ട് പോകേണ്ടി വരികയായിരുന്നു. അറസ്റ്റിലായ യുവാവിന്റെ ഭാര്യയും ഒന്നര വയസുള്ള മകനും ആക്രമണം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ബദ്‌ലാപൂരിലെ ഖാരാവൈ മേഖലയിൽ ദിവസ വേതനക്കാരായ ആളുകളുടെ ചെറിയ കൂരകളാണുള്ളത്. യുവാവിന്റെ വീടിന് നേരെയുള്ള അക്രമണത്തിന് പിന്നാലെ ഇയാളുടെ ബന്ധുക്കളും വീട് പൂട്ടി സ്ഥലം മാറി നിൽക്കുകയാണ്. 

ഈ മാസം 12നാണ് സ്കൂളിലെ ശുചിമുറിയില്‍ വെച്ച് നാലു വയസുകാരികള്‍ പീഡനത്തിന് ഇരയായത്. പെൺകുട്ടികളിലൊരാള്‍ മാതാപിതാക്കളെ സംഭവം അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ പീഡനം നടന്നുവെന്ന് സ്ഥിരീകരിച്ചു. എന്നാൽ രക്ഷിതാക്കളുടെ പരാതിയിൽ ബദ്‌ലാപുരിലെ വനിതാ സ്റ്റേഷൻ ഇൻസ്പെക്ടർ ആദ്യം കേസെടുക്കാൻ മടിച്ചു. 12 മണിക്കൂർ കഴിഞ്ഞാണ് ദുര്‍ബല വകുപ്പുകള്‍ ചേര‍്ത്ത് എഫ്ഐആർ രജിസ്റ്റര് ചെയ്തത്. സ്കൂളിലെ താത്കാലിക ശുചീകരണ തൊഴിലാളിയായ ആദർശ് ഷിൻഡെയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇതോടെയാണ് സ്കൂളിലേക്ക് കഴിഞ്ഞ ദിവസം രാവിലെ രക്ഷിതാക്കളും ഒപ്പം നൂറുകണക്കിന് നാട്ടുകാരും ചേർന്ന് പ്രതിഷേധവുമായെത്തി. സ്കൂള്‍ ജീവനക്കാരനായ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടേയും നാട്ടുകാരുടേയും നേതൃത്വത്തിൽ നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു

സ്കൂൾ തല്ലിത്തകർത്തായിരുന്നു സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം. കേസ് ഒതുക്കി തീർക്കാൻ സ്കൂൾ മാനേജ്‌മെന്റും പൊലീസും ഒത്തുകളിച്ചെന്ന് രക്ഷിതാക്കൾ ആരോപിച്ചു.  പിന്നാലെ ബദ്ലാപുരിലെ റെയിൽവേ ട്രാക്കിൽ ഇറങ്ങിയ പ്രതിഷേധക്കാർ ട്രെയിനുകൾ തടഞ്ഞു. പ്രതിഷേധം കടുത്തതോടെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നിര്‍ദ്ദേശത്തെ തുടർന്ന് താനെ പോലീസ് കമ്മീഷണർ സുധാകര്‍ പത്തേരെ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.  ജനരോഷത്തിന് പിന്നാലെ കേസന്വേഷിച്ച വനിതാ പൊലീസ് ഇൻസ്പെക്ടറ  സ്ഥലം മാറ്റി. ഇതിന് പുറമേ സ്കൂൾ പ്രിൻസിപ്പലിനെയും ക്ലാസ് ടീച്ചറെയും രണ്ട് ജീവനക്കാരെയും സർക്കാർ സസ്പെൻഡ് ചെയ്തു. പുതിയ അന്വേഷണ സംഘം പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളടക്കം ചേർത്ത് പ്രതിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios