Asianet News MalayalamAsianet News Malayalam

'കഴിഞ്ഞ 4 തവണ മെഡൽ ലഭിച്ചിട്ടും പാരീസ് ഒളിംപിക്സിനായി ഒരു തയ്യാറെടുപ്പുമില്ല, ഗുസ്തിമത്സരങ്ങൾ പുനരാരംഭിക്കണം'

കഴിഞ്ഞ നാല് ഒളിംപിക്സിലും ഇന്ത്യയ്ക്ക് ഗുസ്തിയിൽ മെഡൽ ലഭിച്ചിരുന്നു. ഗുസ്തിതാരങ്ങളുടെ ഭാവി മുന്നിൽ കണ്ട് എത്രയും വേഗം നടപടിയെടുക്കണമെന്ന് ബജ്റംഗ് പൂനിയ

Bajrang Punia urges Sports Ministry to restart wrestling activities as part of Paris Olympics SSM
Author
First Published Dec 30, 2023, 5:58 PM IST

ദില്ലി: ദേശീയ ഗുസ്തി മത്സരങ്ങള്‍ പുനരാരംഭിക്കാൻ കായിക മന്ത്രാലയത്തോട് ആവശ്യപ്പെട്ട് ഗുസ്തി താരം ബജ്റംഗ് പൂനിയ. പാരീസ് ഒളിംപിക്സിനായുളള യാതൊരു തയ്യാറെടുപ്പും നടക്കുന്നില്ല. കഴിഞ്ഞ നാല് ഒളിംപിക്സിലും ഇന്ത്യയ്ക്ക് ഗുസ്തിയിൽ മെഡൽ ലഭിച്ചിരുന്നു. ഗുസ്തിതാരങ്ങളുടെ ഭാവി മുന്നിൽ കണ്ട് എത്രയും വേഗം നടപടിയെടുക്കണമെന്നും ബജ്റംഗ് പൂനിയ ആവശ്യപ്പെട്ടു. കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ ടാഗ് ചെയ്താണ് താരം സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തത്.

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണനെതിരെ പ്രതിഷേധം കടുപ്പിച്ച ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി ബജ്രംഗ് പൂനിയയുടെ വസതിയിലെത്തിയിരുന്നു. രാഹുൽ ഗാന്ധി ബജ്രംഗ് പൂനിയയുടെ ഹരിയാനയിലെ വസതിയില്‍ എത്തിയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. നീതിക്ക് വേണ്ടി ഗുസ്തി താരങ്ങൾക്ക് ഗോദയിൽ നിന്നും തെരുവിലിറങ്ങേണ്ടി വന്നുവെന്നും ഇത് കണ്ടുവളരുന്ന അടുത്ത തലമുറ എങ്ങനെ ഗോദയിലെത്തുമെന്നും രാഹുൽ എക്സിൽ കുറിച്ചു. അപ്രതീക്ഷിതമായിരുന്നു രാഹുൽ ഗാന്ധിയുടെ സന്ദർശനമെന്ന് ബജ്രംങ് പൂനിയ പ്രതികരിച്ചു.

ഗുസ്തി ഫെഡറേഷൻ പുതിയ ഭരണസമിതിയെ സസ്പെൻഡ് ചെയ്ത് കായിക താരങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം. ബ്രിജ് ഭൂഷന്‍റെ വിശ്വസ്തർ തന്നെ ഗുസ്തി ഫെഡറേഷൻ തലപ്പത്തെത്തിയതിന് പിന്നാലെ സാക്ഷി മാലിക്ക് വിരമിക്കൽ പ്രഖ്യാപിച്ചതും ബജ്രംഗ് പൂനിയും വിരേന്ദറും പത്മശ്രീ തിരികെ നൽകിയതും സർക്കാരിനെ സമ്മർദത്തിലാക്കിയിരുന്നു. ഖേൽ രത്നയും അർജുന അവാർഡും തിരികെ നൽകുമെന്ന വിനേഷ് ഫോഗട്ടിന്റെ പ്രഖ്യാപനം സർക്കാരിനുളള തുടര്‍ പ്രഹരമായി. പ്രധാനമന്ത്രിക്കയച്ച തുറന്ന കത്തിൽ സ്ത്രീ സുരക്ഷയിൽ സർക്കാർ പരാജയപ്പെട്ടുവെന്നായിരുന്നു വിമർശനം. 

ലൈംഗിതാരോപണം നേരിടുന്ന ബ്രിജ് ഭൂഷനെതിരെ നടപടിയാണ് ഗുസ്തി താരങ്ങളുടെ ആവശ്യം. നീതി ലഭിച്ചില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.  അതിനിടെ ഗുസ്തി ഫെഡറേഷനിൽ ഇനി ഇടപെട്ടാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ബ്രിജ് ഭൂഷണ് ബിജെപി താക്കീത് നല്‍കി. താരങ്ങളുടെ പ്രതിഷേധം ദേശീയ തലത്തിൽ വലിയ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. 

Latest Videos
Follow Us:
Download App:
  • android
  • ios