ബാല്‍റാംപൂര്‍: ഉത്തര്‍പ്രദേശിലെ ബാല്‍റാംപൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ബല്‍റാംപൂരിലെ ഗായസ്രി മേഖലയിലാണ് ഇരുപത്തിരണ്ടുകാരി ക്രൂരപീഡനത്തിന് ഇരയായത്. മരിക്കുന്നതിന് മുന്‍പ് കുറഞ്ഞത് പത്ത് മുറിവുകള്‍ യുവതിയുടെ ശരീരത്തിലുണ്ടായതായാണ് റിപ്പോര്‍ട്ട്. കവിളിലും നെഞ്ചിലും കൈമുട്ടുകളിലും ഇടത് തുടയിലുമായി എട്ട് ഇടങ്ങളിലാണ് മാരകമായ ചതവ് ഏറ്റിട്ടുള്ളത്.

മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് ഇടത് കാലും കാല്‍മുട്ടും വരഞ്ഞ് കീറിയിരുന്നു. ഈ മുറിവുകള്‍ യുവതി മരിക്കുന്നതിന് മുന്‍പ് ശരീരത്തിലുണ്ടായതായാണ് പോസ്റ്റ്‍മോര്‍ട്ടം  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രക്തസ്രാവം, ശരീരത്തിലെ പരിക്കുകള്‍ ഇവയാണ് ദളിത് യുവതിയുടെ മരണകാരണമെന്നാണ് പോസ്റ്റ്‍മോര്‍ട്ടം  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ലൈംഗികമായി യുവതി പീഡനം നേരിട്ടോയെന്ന കാര്യത്തേക്കുറിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പരാമര്‍ശിച്ചിട്ടില്ല. സ്വകാര്യഭാഗങ്ങളില്‍ ചെറിയ രീതിയില്‍ രക്തം കട്ട പിടിച്ചതായി മാത്രമാണ് ഇത് സംബന്ധിച്ച് പോസ്റ്റ്‍മോര്‍ട്ടം  റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.  യുവതിയുടെ മൃതദേഹം ബുധനാഴ്ച തന്നെ സംസ്കരിച്ചിരുന്നു. യുവതിയുടെ സഹോദരന്‍റെ പരാതിയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാവിലെ ജോലിക്ക് പോയ യുവതി നാല് മണിയായിട്ടും തിരികെ എത്താതെയായതോടെയാണ് ബന്ധുക്കള് പൊലീസിനെ സമീപിച്ചത്. ഏഴ് മണിയോടെ അബോധാവസ്ഥയില്‍ യുവതി ഓട്ടോറിക്ഷയിലെത്തുകയായിരുന്നു. യുവതിയെ വീട്ടിലാക്കിയ ശേഷം റിക്ഷ ഡ്രൈവര്‍ സ്ഥലം വിടുകയും ചെയ്തു.

അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ചികിത്സിക്കാന്‍ അക്രമികള്‍ ഡോക്ടറുടെ സഹായം തേടിയിരുന്നു. ഈ വിവരം ഡോക്ടറാണ് വീട്ടുകാരെ അറിയിച്ചതെന്നും ദളിത് യുവതിയുടെ സഹോദരന്‍ പറയുന്നു. ബിഎ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട യുവതി. കോളേജില്‍ അഡ്മിഷന്‍ ഫീസ് നല്‍കി മടങ്ങുമ്പോഴായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്.