2023ലാണ് ശരിക്കുള്ള പാസ്പോർട്ടുമായി ബംഗ്ലാദേശിൽ നിന്ന് ശാന്തി പോൾ ഇന്ത്യയിൽ പ്രവേശിച്ചത്. തുടർന്ന് കൊൽക്കത്തയിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുകയായിരുന്നു
കൊൽക്കത്ത: ബംഗ്ലാദേശ് മോഡൽ വ്യാജരേഖകളുമായി കൊൽക്കത്തയിൽ പിടിയിലായി. വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിനാണ് ബംഗ്ലാദേശ് സ്വദേശിനിയായ ശാന്താ പോളിനെ അറസ്റ്റ് ചെയ്തത്. ഒരു എയർലൈൻ കമ്പനിയിലെ ജീവനക്കാരിയായിരുന്നു ശാന്താ പോളെന്ന് പൊലീസ് പറഞ്ഞു.
2023ലാണ് സാധുവായ പാസ്പോർട്ടുമായി ബംഗ്ലാദേശിലെ ബാരിസലിൽ നിന്ന് ശാന്താ പോൾ ഇന്ത്യയിൽ പ്രവേശിച്ചത്. തുടർന്ന് കൊൽക്കത്തയിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുകയായിരുന്നു. ഇതര മതത്തിലുള്ളയാളെ വിവാഹം ചെയ്തതിനാൽ കുടുംബത്തിന് അതൃപ്തിയാണെന്നും അതിനാലാണ് ഇവിടെ താമസിക്കുന്നതെന്നുമാണ് വീട്ടുടമയോട് പറഞ്ഞത്. ആന്ധ്രാ പ്രദേശ് സ്വദേശിയായ ഷെയ്ഖ് മുഹമ്മദ് അഷ്റഫിനെ ശാന്താ പോൾ ജൂൺ 5-ന് വിവാഹം കഴിച്ചതായി രേഖകളുണ്ട്.
ഇരുവരും ആദ്യം പാർക്ക് സ്ട്രീറ്റിൽ ഒരു അപ്പാർട്ട്മെന്‍റ് വാടകയ്ക്ക് എടുത്തിരുന്നു. പിന്നീട് ഗോൾഫ് ഗ്രീനിലേക്ക് താമസം മാറി. മർച്ചന്‍റ് നേവിയിലാണ് അഷ്റഫ് ജോലി ചെയ്തിരുന്നത്. വാടക കരാർ ഒപ്പിടുന്നതിനായി ശാന്താ പോൾ നൽകിയ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ വ്യാജമായിരുന്നു എന്നാണ് കണ്ടെത്തൽ. റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐഡി, പാൻ കാർഡ് എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ഇവർ വ്യാജമായി നിർമ്മിച്ചത് പ്രാദേശികമായി ലഭിച്ച സഹായത്തോടെയാണെന്ന് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
2016-ൽ ഇൻഡോ-ബംഗ്ലാ ബ്യൂട്ടി പേജന്റിൽ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട് ശാന്താ പോൾ. 2019-ൽ മിസ് ഏഷ്യ ഗ്ലോബലായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ തമിഴ്, ബംഗാളി സിനിമകളിൽ അഭിനയിച്ച ശാന്താ പോൾ, ഒരു ഒഡിയ സിനിമയിൽ അഭിനയിക്കാനും കരാർ ഒപ്പിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.


