സാൻഫ്രാൻസിസ്കോയിൽ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഇന്ത്യൻ വംശജനായ പൈലറ്റിനെ കോക്പിറ്റിൽ കയറി അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. 

സാൻഫ്രാൻസിസ്കോ: വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഇന്ത്യൻ വംശജനായ പൈലറ്റിനെ കോക്പിറ്റിൽ കയറി അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഇന്ത്യൻ സമയം രാവിലെ 7.05-ന് സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് ഡെൽറ്റ എയർലൈൻസിലെ പൈലറ്റ് റുസ്തോം ഭഗ്‌വാഗറിനെ (34) അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

മിനിയാപൊളിസിൽ നിന്ന് വന്ന ഡെൽറ്റ വിമാനമായ ബോയിംഗ് 757-300 ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ കോൺട്രാ കോസ്റ്റ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്‍റിലെ അധികൃതരും ഹോംലാൻഡ് സെക്യൂരിറ്റി ഏജന്‍റുമാരും കോക്ക്പിറ്റിലേക്ക് എത്തുകയായിരുന്നു. യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങാൻ തയ്യാറെടുക്കുമ്പോഴായിരുന്നു നാടകീയമായ സംഭവങ്ങൾ. യൂണിഫോമിൽ എത്തിയ ഓഫീസർമാരും സുരക്ഷാ ഉദ്യോഗസ്ഥരും തോക്കുകളുമായി വന്ന് കോക്പിറ്റിൽ കയറി പൈലറ്റിനെ വിലങ്ങുവച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.

അറസ്റ്റിനെക്കുറിച്ച് നേരത്തെ യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്ന് സഹപൈലറ്റ് പറഞ്ഞു. ഭഗ്‌വാഗറിനെ രക്ഷപ്പെടാൻ അവസരം നൽകാതെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനാൽ അതീവ രഹസ്യമായിട്ടായിരുന്നു നീക്കങ്ങൾ. ഒരു കുട്ടിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് 2025 ഏപ്രിൽ മുതൽ അന്വേഷണം നടത്തിവരികയായിരുന്നുവെന്ന് കോൺട്രാ കോസ്റ്റ ഷെരീഫ് അറിയിച്ചു. 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടിയെ അഞ്ച് തവണ പീഡിപ്പിച്ചെന്നാണ് കേസ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൈലറ്റിനെ മാർട്ടിനെസിലെ ഡിറ്റൻഷൻ സെന്‍ററിലേക്ക് മാറ്റി.

അന്വേഷണം തീരുന്നത് വരെ പൈലറ്റിനെ സസ്പെൻഡ് ചെയ്തെന്ന് ഡെൽറ്റ എയർലൈൻസ് അറിയിച്ചു. പൈലറ്റിനെതിരായ ആരോപണങ്ങൾ ഞെട്ടിക്കുന്നതാണെന്നും അന്വേഷണ ഏജനസികളുമായി പൂർണമായി സഹകരിക്കുമെന്നും ഡെൽറ്റ എയർലൈൻസ് വ്യക്തമാക്കി.