കൊല്‍ക്കത്ത: സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് വിശ്വഭാരതി സര്‍വകലാശാലയില്‍ പഠിക്കുന്ന ബംഗ്ലാദേശി വിദ്യാര്‍ഥിനിയോട് ഇന്ത്യവിടാന്‍ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. സര്‍വ്വകലാശാലയിലെ ബിരുദ വിദ്യാർത്ഥിനിയായ അഫ്‌സാര അനിക മീമിനാണ് ആഭ്യന്തര മന്ത്രാലയയത്തിന്‍റെ കൊല്‍ക്കത്തിയെ വിദേശികളുടെ പ്രാദേശിക രജിസ്ട്രേഷൻ ഓഫീസില്‍ നിന്ന് നോട്ടീസ് അയച്ചിരിക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രവത്തനം നടത്തിയെന്ന് ആരോപിച്ചാണ്രാ ജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ഫെബ്രുവരി 14 ന് അയച്ച കത്തിൽ നോട്ടീസ് ലഭിച്ച് പതിനഞ്ചുദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്നാണ് നിര്‍ദേശം.'സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്താന്‍ കഴിഞ്ഞുവെന്നും അത് വിസ ചട്ടപ്രകാരം നിയമലംഘനമാണെന്നും' നോട്ടീസില്‍ പറയുന്നു. ഡിസംബറിൽ ശാന്തിനികേതനിൽ  നടന്നസിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ ചില ഫോട്ടോകൾ അഫ്സാര മീം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന്‍റെ പേരില്‍ അഫ്സാരയ്ക്ക് നേരെ വലിയ സൈബര്‍ ആക്രമണമാണ് നടന്നത്. അഫ്സാരയെ "ബംഗ്ലാദേശ് തീവ്രവാദി" എന്ന് വിളിച്ച് നിരവധി പോസ്റ്റുകള്‍ ഫേസ്ബുക്കിലും സമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചു.

എന്നാല്‍  ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് നല്‍കിയിരിക്കുന്ന നോട്ടീസില്‍ ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് പരാമര്‍ശമൊന്നുമില്ല. നോട്ടീസ് ലഭിച്ച ശേഷം വ്യാഴാഴ്ച കൊൽക്കത്തയിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് സന്ദർശിച്ചെങ്കിലും ആരെയും കാണാനായില്ലെന്നാണ് അഫ്സാര പറയുന്നത്. ഡിസംബറില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് ഐഐടി മദ്രാസിലെ ജര്‍മന്‍ വിദ്യാര്‍ഥിക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നിരുന്നു.