ബം​ഗളൂരുവിൽ രാമമൂർത്തി ന​ഗറിലെ കൽകെരെ തടാകത്തിനു സമീപത്തായി  ബം​ഗ്ലാദേശി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നജ്മ (28) എന്ന സ്ത്രീയാണ് മരിച്ചത്. 

ബം​ഗളൂരു: കിഴക്കൻ ബം​ഗളൂരുവിൽ ബം​ഗ്ലാദേശി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നജ്മ (28) എന്ന സ്ത്രീയാണ് മരിച്ചത്. രാമമൂർത്തി ന​ഗറിലെ കൽകെരെ തടാകത്തിനു സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ധാരാളം മുറിവുകൾ ഉണ്ടായിരുന്നെന്നും ഇവർ ലൈം​ഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായും പൊലിസ് അധികൃതർ അറിയിച്ചു. 

നജ്മയുടെ ഭർത്താവ് സുമൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നജ്മയുടെ കൈവശം സാധുവായ പാസ്‌പോർട്ടോ ഇന്ത്യയിൽ താമസിക്കാനുള്ള നിയമപരമായ രേഖകളോ ഇല്ലെന്ന് കണ്ടെത്തിയിട്ടുള്ളതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇക്കാര്യം നജ്മയുടെ സഹോദരനും സമ്മതിച്ചിട്ടുണ്ട്. നജ്മയുടെ ഭർത്താവ് ബി.ബി.എം.പിയിൽ മാലിന്യം വേർതിരിക്കുന്ന ജോലി ചെയ്തുവരികയാണ്. ഇയാൾ ആറുവർഷം മുൻപ് നിയമപരമായാണ് ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. സുമൻ-നജ്മ ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. ഇവർ ബം​ഗ്ലാദേശിൽ ബന്ധുക്കളോടൊപ്പം കഴിയുകയാണ്.

read more: വിവാഹത്തിന് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ആത്മഹത്യ പേരണക്കുറ്റമായി കണക്കാക്കാന്‍ ആകില്ല: സുപ്രീം കോടതി

വെള്ളിയാഴ്ച രാവിലെയാണ് തടാകത്തിനു സമീപത്തായി ഒരു സ്ത്രീയുടെ മൃതദേഹം കണ്ടതായി വിവരം ലഭിക്കുന്നത്. ഉടൻ തന്നെ രാമമൂർത്തി ന​ഗർ പൊലിസ് സ്റ്റേഷൻ അധികൃതരും ഫോറൻസിക് അദ്യോ​ഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. മുഖത്തും കഴുത്തിലും തലയിലും മുറിവുകൾ ഉണ്ടായിരുന്നെന്നും ലൈം​ഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നു സംശയിക്കുന്നതിനാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും പൊലിസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് വിവരിച്ചു.