ബംഗ്ലാദേശികള്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളാണെന്ന് എഴുത്തുകാരി ഷര്‍ബാരി സൊഹ്റ അഹമ്മദ്.
ദില്ലി: ഇന്ത്യക്കാരെ പോലെ തന്നെ ബംഗ്ലാദേശികളും യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളാണെന്നും എന്നാല്‍ ഹിന്ദു പൈതൃകം ഇപ്പോള്‍ അവര്‍ മറക്കുകയാണെന്നും ബംഗ്ലാദേശി എഴുത്തുകാരി ഷര്‍ബാരി സൊഹ്റ അഹമ്മദ്. എങ്ങനെയാണ് ബംഗ്ലാദേശിന് അവരുടെ ഹിന്ദു പൈതൃകം നിഷേധിക്കാനാകുന്നതെന്നും ഷര്‍ബാരി ചോദിച്ചു.
'ഞങ്ങള്‍ ഹിന്ദുക്കളാണ്. ഇസ്ലാം മതം പിന്നീടാണ് വന്നത്. ബ്രിട്ടീഷുകാര്‍ ഞങ്ങളെ ചൂഷണം ചെയ്തു, കൊള്ളയടിച്ചു, കൊലപ്പെടുത്തി. ധാക്കയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന മസ്ലിന്‍ തുണി വ്യവസായം അവര്‍ നശിപ്പിച്ചു'- ഷര്‍ബാരി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ബംഗ്ലാദേശില്‍ ഇസ്ലാം മതമാണെന്നും 'ഡസ്റ്റ് അണ്ടര്‍ ഹെര്‍ ഫീറ്റ്' എന്ന തന്‍റെ ആദ്യ നോവലിന് ഇതിവൃത്തമായതും ഇതാണെന്ന് ഷര്‍ബാരി പറഞ്ഞു. ബ്രിട്ടീഷുകാരുടെ ചൂഷണവും ഇന്ത്യയുടെ മതാടിസ്ഥാനത്തിലുള്ള വിഭജനവും നോവലില്‍ പരാമര്‍ശിക്കുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വംശീയ വിരോധിയാണെന്നും ഷര്‍ബാരി ആരോപിച്ചു. ബംഗാളില്‍ നിന്നുള്ള അരി കൊള്ളയടിച്ച വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അതുപയോഗിച്ച് അവരുടെ പട്ടാളക്കാര്‍ക്ക് ഭക്ഷണമൊരുക്കിയെന്നും തന്‍മൂലം രണ്ട് മില്യണോളം ബംഗാളികള്‍ പട്ടിണി മൂലം മരിച്ചെന്നും ഷര്‍ബാരി പറഞ്ഞു. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ പുകഴ്ത്തുന്നത് ജൂതന്മാരോട് ഹിറ്റ്ലറെക്കുറിച്ച് പുകഴ്ത്തുന്നത് പോലെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Read More: അതിര്‍ത്തി പ്രദേശങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവച്ച് ബംഗ്ലാദേശ്
ബംഗ്ലാദേശിലെ ധാക്കയില്‍ ജനിച്ച ഷര്‍ബാരി യുഎസില്‍ സ്ഥിരതാമസക്കാരിയാണ്. മൂന്നാഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് ഷര്‍ബാരി അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കയിലെ ജനപ്രിയ ടെലിവിഷന്‍ ഡ്രാമ സീരിസായ ക്വാന്‍റീക്കോ സീസണ്‍ ഒന്നിന്‍റെ സഹഎഴുത്തുകാരിയാണ് ഷര്‍ബാരി.
