ദില്ലി: മൊറട്ടോറിയം കാലത്ത് ബാങ്ക് വായ്പകൾക്ക് പലിശയും പലിശയുടെ മേൽ പലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികളിൽ വാദം കേൾക്കൽ സുപ്രീംകോടതിയിൽ തുടരും. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാണ് വാദം കേൾക്കൽ തുടങ്ങുക. 

പലിശ പൂര്‍ണമായി പിൻവലിക്കുകയോ പലിശ നിരക്ക് കുറയക്കുകയോ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ബാങ്കുകൾ ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങളെ സഹായിക്കുന്നതിന് പകരം ലാഭം ഉണ്ടാക്കാനാണ് ശ്രമിച്ചത്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളുടെ ഏജന്‍റായി പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. കേസിൽ കേന്ദ്ര സര്‍ക്കാരിന്‍റെ വാദമായിരിക്കും ഇന്ന് നടക്കുക.

അതേസമയം, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തും. മൊറട്ടോറിയം സംബന്ധിച്ച കേസ് സുപ്രീം കോടതിയിൽ തുടരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ബാങ്ക് മേധാവികളുടെ നിലപാട് ധനമന്ത്രി ആരായും. കൊവിഡിൽ ബാങ്കിംഗ് മേഖലയുടെ പ്രവർത്തനവും വിലയിരുത്തും. 

ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം രണ്ട് വര്‍ഷം വരെ നീട്ടാനാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ‍സുപ്രീംകോടതിയെ ഇന്നലെ അറിയിച്ചിരുന്നു. പക്ഷെ, രണ്ട് ദിവസം കൊണ്ട് ഇത് തീരുമാനിക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സുപ്രീംകോടതി പരാമര്‍ശം നടത്തി.

മാർച്ചിൽ മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം റിസർവ് ബാങ്ക് പിന്നീട് മൂന്നുമാസത്തേക്ക് കൂടി ദീ‍ർഘിപ്പിച്ചിരുന്നു. ആനുകൂല്യം നീട്ടാനായി കേരളമടക്കം നൽകിയ കത്തുകളോട് കേന്ദ്രം പ്രതികരിച്ചിരുന്നില്ല.

മൊറട്ടോറിയം രണ്ടുവര്‍ഷം വരെ നീട്ടാമെന്ന് കേന്ദ്രം; രാജ്യം വലിയ പ്രതിസന്ധി നേരിടുന്നുവെന്ന് സുപ്രീംകോടതി